ഒമാനില്‍ കിരീടവകാശിയെ നിയമിക്കുന്നു



മനാമ: മറ്റു ഗള്‍ഫ് രാജ്യങ്ങളെപ്പോലെ ഒമാനിലും ഇനി കിരീടാവകാശി പദവി. കിരീടാവകാശിയുടെ നിയമനവും രാജ്യത്തെ അധികാര കൈമാറ്റത്തിനുള്ള വ്യവസ്ഥയും നിശ്ചയിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവിറക്കി. അധികാര കൈമാറ്റത്തിന് കൃത്യവും ഭദ്രവുമായ സംവിധാനത്തിന് രൂപം നല്‍കാനും സര്‍ക്കാര്‍ നടപടികളിലെ സുതാര്യത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഭരണഘടന ഭേദഗതി. കിരീടവകാശി നിയമനം ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഏതെങ്കിലും പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കള്‍ ഇല്ലാതാക്കുന്നു. അധികാര കസേര ഒഴിഞ്ഞു കിടന്ന് മൂന്ന് ദിസത്തിനകം പിന്‍ഗാമിയെ തെരഞ്ഞെടുക്കണമെന്നാണ് ഒമാനിലെ നിയമം. ഇതാദ്യമായാണ് ഒമാനില്‍ കിരീടവകാശിയെ നിയമിക്കുന്നത്. മുന്‍ സുല്‍ത്താന്‍ ഖാബൂസിന്റെ ഭരണകാലത്ത് ഒമാനില്‍ കിരീടാവകാശി ഉണ്ടായിരുന്നില്ല. ഖാബൂസിന്റെ മരണശേഷമാണ് അനന്തരവനും മുന്‍ സാംസ്‌കാരിക, പൈതൃക മന്ത്രിയുമായ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് അധികാരമേറ്റത്. വിവാഹമോചിതനായ സുല്‍ത്താന്‍ ഖബൂസിന് മക്കളുണ്ടായിരുന്നില്ല. പിന്‍ഗാമിയെ അദ്ദേഹം പരസ്യമായി പ്രഖ്യാപക്കുകയും ചെയ്തിരുന്നില്ല. എന്നാല്‍, പിന്‍ഗാമിയായി സുല്‍ത്താന്‍ ഖാബൂസ് മുദ്രവെച്ച കവറില്‍ സൂല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ പേര് എഴുതിയിരുന്നു. തുടര്‍ന്ന് രാജകുടുംബം അദ്ദേഹത്തെ പുതിയ ഭരണാധികാരിയായി തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടൊപ്പം രാജ്യത്തെ നിയമവാഴ്ചയും സ്വതന്ത്ര ജുഡീഷ്യറിയും ഭരണത്തിന്റെ അടിസാനമായിരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. പുതിയ നിയമം പൗരന്മാര്‍ക്ക് കൂടുതല്‍ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉറപ്പുവരുത്തും. ഉത്തരവ് പ്രകാരം രാജ്യത്തെ പൗരന്മാര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നിര്‍ബന്ധമായിരിക്കും. സ്ത്രീപുരുഷ സമത്വം, കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം എന്നിവയും അടിസ്ഥാന നിയമപ്രകാരം ഉറപ്പുനല്‍കുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ പ്രത്യേക സംവിധാനം രൂപീകരിക്കും. കിരീടവകാശി ആരാണെന്നോ, അധികാരങ്ങള്‍ എന്താണെന്നോ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.  Read on deshabhimani.com

Related News