എം ടിയെ അനുസ്മരിച്ച് പ്രവാസ ലോകം



അബുദാബി > അന്തരിച്ച സാഹിത്യകാരൻ എം ടിയെ അനുസ്മരിച്ച് ​യുഎഇയിലെ പ്രവാസികൾ. നാടക കലയെ പ്രവാസി മനസ്സുകളിലേക്ക് ആഴത്തിൽ എത്തിപ്പിക്കാൻ ശക്തി തിയറ്റേഴ്‌സിനെ സഹായിച്ച നാടകമായിരുന്നു എംടിയുടെ ഗോപുരനടയിൽ. മാത്രമല്ല, ഒരേ വേദിയിൽ ഒരു ദിവസം രണ്ടുതവണ അവതരിപ്പിച്ചുകൊണ്ട് ശക്തി തിയറ്റേഴ്‌സ് അബുദാബിയിലെ നാടകാസ്വാദക മനസ്സിൽ ഇടം പിടിച്ച നാടകമാണ് എംടിയുടെ തന്നെ 'ഇരുട്ടിന്റെ ആത്മാവി'ന്റെ നാടകാവിഷ്കാരം. മലയാളസാഹിത്യത്തിന്റെ കുലപതിയും എംടി എന്ന ദ്വയാക്ഷരം അരനൂറ്റാണ്ടോളം മലയാളികൾക്കിടയിൽ സജീവസാന്നിധ്യമായി മാറിയ ആ മഹാപ്രതിഭയുടെ നഷ്ടം മലയാളസാഹിത്യത്തിനു ഉപരി  ലോകസാഹിത്യത്തിനു തന്നെ തീരാനഷ്ടമാണ്. എ എൽ സിയാദ് സെക്രട്ടറി ശക്തി തിയറ്റേഴ്‌സ് അബുദാബി 'അക്ഷരപൂക്കളം കൊണ്ട് സാഹിത്യസമ്പന്നമാക്കിയ മലയാള ഭാഷയെ വിട്ട് പറന്നുപോയെങ്കിലും ആ തൂലികകളിലൂടെ പ്രകാശം പരത്തിയ സൃഷ്ടികളുടെ അനശ്വരതയിലൂടെ എന്നെന്നും അഭിമാനിക്കാവുന്ന മലയാളത്തിൻ്റെ കഥാസാഹിത്യ ഇതിഹാസകർത്താവിന് പ്രണാമം.' എ കെ ബീരാൻകുട്ടി പ്രസിഡന്റ് കേരള സോഷ്യൽ സെന്റർ അബുദാബി 'ഏതു നാട്ടിലായാലും സ്വപ്നം കാണേണ്ടത് മാതൃഭാഷയിലാണെന്ന്' ഭാഷാ പ്രതിജ്ഞയിലൂടെ ലോക മലയാളം മിഷൻ വിദ്യാർത്ഥികളെ ഉണർത്തിയ മലയാളഭാഷയുടെ സുകൃതം എംടിയുടെ വേർപാടിൽ മലയാളം മിഷൻ അബുദാബി ചാപ്റ്റർ അനുശോചിച്ചു. സഫറുള്ള പാലപ്പെട്ടി പ്രസിഡന്റ് മലയാളം മിഷൻ അബുദാബി ചാപ്റ്റർ മലയാള സാഹിത്യത്തിന്റെ വൻമരം വീണു. മലയാളികളുടെ മനസ്സിൽ ഒരിക്കലും മായിക്കുവാൻ സാധിക്കാത്ത അനേകം ചിത്രങ്ങൾ കോരിയിട്ട മഹാമേരു,വള്ളുവനാടൻ ഭാഷയെ മലയാള സാഹിത്യത്തിൻ്റെ അമരത്തുറപ്പിച്ച്, ആർജവത്തിൻ്റെ കഥാലോകം സൃഷ്ടിച്ച എം.ടിക്ക് വിട. റോയ്  ഐ. വർഗീസ്, പ്രസിഡന്റ് യുവകലാസാഹിതി   അബുദാബി മലയാള സാഹിത്യത്തിന്റെ മിഴിവും മഹത്വവും നിറച്ച എം. ടി. വാസുദേവൻ നായർ നമ്മെ വിട്ട് പോയിരിക്കുന്നു. സാഹിത്യ ലോകത്തിനും കലാപ്രേമികൾക്കും ഇതൊരു തീരാനഷ്ടമാണ്. കഥാകൃത്തായും നോവലിസ്റ്റായും തിരക്കഥാകൃത്തായും പ്രവർത്തിച്ച എം. ടി, പുഴകളെയും മണ്ണിനെയും മനുഷ്യരുടെ ആത്മാവിനെയും കൈവെച്ച മിതഭാഷയുടെ സംവേദനമായിരുന്നു. 2005-ൽ അബുദാബി മലയാളി സമാജം സാഹിത്യ അവാർഡ് ജേതാവ് കൂടിയായ എം. ടി., നാടിന്റെ സാംസ്കാരിക ജീവിതത്തെ സമ്പുഷ്ടമാക്കിയ സാഹിത്യകാരനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും കൃതികളും മലയാള സാഹിത്യത്തിന്റെ മഹത്വത്തിന്റെ അടയാളമായി സജീവമായി നിലനിൽക്കും. സലീം ചിറക്കൽ പ്രസിഡൻറ് അബുദാബി മലയാളി സമാജം അക്ഷരംകൊണ്ടും, വാക്കുകൾകൊണ്ടും, ചിന്തകൾകൊണ്ടും, പ്രവർത്തികൾ കൊണ്ടും തന്നിടമെന്നും കാത്തുസൂക്ഷിച്ച അക്ഷരജ്യോതിക്കൊരായിരം പ്രണാമം. ടി ഹിദായത്തുള്ള ജനറൽ സെക്രട്ടറി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ, അബുദാബി ആശയ സമ്പുഷ്ടമായ വാക്കുകളിലെ മിതത്വം കൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച എം .ടി വിടവാങ്ങി. ഇനിയിരു രണ്ടാമൂഴമില്ല. എന്നാൽ അദ്ദേഹം കുറിച്ചിട്ട വരികൾ കലാതിവർത്തിയായി തന്നെ നിലനിൽക്കും.അതിലൂടെ എം.ടി അമരത്വം നേടി. എൻ. പി. മുഹമ്മദലി പ്രസിഡന്റ് ഇന്ദിരാഗാന്ധി വീക്ഷണം ഫോറം യു എ ഇ മഹാനായ സാഹിത്യകാരനും കേരളത്തിന്റെ കലയുടെയും സംസ്കാരത്തിന്റെയും വെളിച്ചമായിരുന്ന എം. ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. രണ്ടാമൂഴം, നാലുകെട്ട് എന്നിവയിലൂടെ ഒരു തലമുറയുടെ വായനാ സംസ്കാരത്തെ രൂപാന്തരപ്പെടുത്തിയ മഹത്തായ സൃഷ്ടികളുടെ ശില്പിയായി അദ്ദേഹം എന്നും മലയാളികളുടെ മനസ്സിൽ തുടരും. എം ടി യുടെ സ്മരണയിൽ, അദ്ദേഹത്തിന്റെ സൃഷ്ടികളിലൂടെ അദ്ദേഹം നമുക്ക് കാട്ടിത്തന്ന കലയുടെയും സാഹിത്യത്തിന്റെയും ഒരിക്കലും മായാത്ത ഓർമ്മകൾ നിലനിർത്തിക്കൊണ്ടു പോകാൻ നമ്മൾ എന്നും പ്രതിജ്ഞാബദ്ധരാണ്. അനൂപ ചാറ്റർജി ജനറൽ സെക്രട്ടറി ഫ്രെണ്ട്സ് ഓഫ് എഡിഎംഎസ് അന്തരിച്ച വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ വിയോഗം സാഹിത്യലോകത്തിനും അതോടൊപ്പം തന്നെ മലയാളക്കരക്കും തീരാനഷ്ടമാണ്. മലയാള സാഹിത്യത്തെ ലോകത്തിന്റെ ഉന്നതിയിൽ എത്തിച്ചാണ് എം ടി ഈ ലോകത്തോട് വിടപറഞ്ഞത്. മലയാള സാഹിത്യത്തിൽ എന്നപോലെ തന്നെ സാമൂഹിക സാംസകാരിക ഇടങ്ങളിലും വെക്തിമുദ്ര പതിപ്പിച്ച  എം ടിയുടെ ജീവിതത്തിൽ നിന്ന്  പഴയ തലമുറക്കെന്നപോലെ പുതു തലമുറക്കും ഏറെ പഠിക്കാനുണ്ട്. മലയാളക്കരക്കു വായനയുടെ വസന്തം തീർത്ത എംടിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. പ്രസിഡന്റ് ഷുക്കൂർ അലികല്ലുങ്ങൽ   ജനറൽ സെക്രട്ടറി സി എച്ച്  യൂസഫ് മലയാള ചെറുകഥയുടെയും നോവലിന്റെയും സിനിമയുടെയും ഭാവുകത്വപരിണാമത്തിൽ വലിയ സ്വാധീനശക്തിയാവാൻ കഴിഞ്ഞ എം ടി ഫ്യൂഡലിസത്തിന്റെ തകർച്ചയേയും മലയാളിസമൂഹത്തിന്റെ ദിശാപരിണാമങ്ങളെയും അവതരിപ്പിച്ച കഥാകാരനായിരുന്നു. മലയാള ഭാഷയ്‌ക്കെന്നല്ല മലയാളി സമൂഹത്തിനും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്. അഡ്വ അൻസാരി സൈനുദ്ദീൻ ലോക കേരള സഭ അംഗം Read on deshabhimani.com

Related News