പൊതുസൗകര്യങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതിന് കുവൈത്തില്‍ പുതിയ ഫീസ് പരിഗണിക്കുന്നു
കുവൈത്ത് സിറ്റി> സര്‍ക്കാരുമായി ബന്ധപ്പെട്ട പൊതുസൗകര്യങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതിന് പുതിയ ഫീസ് ഏര്‍പ്പെടുത്തുമെന്ന് കുവൈത്ത് ധനമന്ത്രി ഫഹദ് അല്‍ ജറല്ല പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനും സാമ്പത്തികഘടന പരിഷ്‌കരിക്കുന്നതിനുമാണിത്. നേരത്തേ പ്രഖ്യാപിച്ച സുപ്രധാന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് പുതിയ ഫീസ് സംവിധാനം ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ ആലോചിച്ചുവരികയാണെന്ന് ധനമന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തന പദ്ധതികളില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സാമ്പത്തിക പ്രതിസന്ധി കാരണം പ്രയാസം നേരിട്ടുന്നതിനാലാണിതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമപരമായ അധികാരമുള്ള സര്‍ക്കാര്‍ ഏജന്‍സികളായിരിക്കും ഈ ഫീസ് ചുമത്തുക. ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കും. സര്‍ക്കാര്‍ നിയമങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടായിരിക്കും ഏജന്‍സികളുടെ പ്രവര്‍ത്തനം. പൊതുസൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഉപയോഗത്തിനുള്ള ഫീസ് സംബന്ധിച്ച നിയമം നമ്പര്‍ 79/1995 പാലിക്കുന്നത് ഉറപ്പാക്കുമെന്നും അല്‍ജറല്ല വിശദീകരിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്കായി സര്‍ക്കാരിന്റെ റവന്യു വരുമാനം വര്‍ധിപ്പിക്കുന്നതിന് സാമ്പത്തിക മേഖല വൈവിധ്യവല്‍ക്കരിക്കാന്‍ പതിനേഴാം നിയമനിര്‍മ്മാണ കാലയളവിലെ ഗവണ്‍മെന്റ് പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്ന് പാര്‍മെന്റില്‍ എംപി മുഹല്‍ഹല്‍ അല്‍മുദാഫിന്റെ ചേദ്യത്തിന് മറുപടിയായി ധനമന്ത്രി അറിയിച്ചിരുന്നു. Read on deshabhimani.com