കേളി ‘കിയ’പുരസ്കാരം കണ്ണൂർ ജില്ലയിൽ വിതരണം ചെയ്തു

കേളി ‘കിയ’ പുരസ്കാര വിതരണം നിർവ്വഹിച്ച് ഇ പി ജയരാജൻ സംസാരിക്കുന്നു


റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്‌കാരം 2022- 23 ന്റെ കണ്ണൂർ ജില്ലയിലെ വിതരണം പൂർത്തിയായി. കണ്ണൂർ എൻജിഒ ഹാളിൽ വെച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ കിയ’പുരസ്കാര വിതരണം നിർവ്വഹിച്ചു. ജില്ലയിൽ നിന്നും അർഹരായ 25 കുട്ടികളാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. പത്താം ക്ലാസ്സിലും പ്ലസ് ടുവിലും തുടർപഠനത്തിന്ന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയതാണ് 'കേളി എജ്യൂക്കേഷണൽ ഇൻസ്‌പരേഷൻ അവാർഡ്' അഥവാ ‘കിയ’. മൊമെന്റോയും ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം. കേളി കേന്ദ്ര രക്ഷാധികാരി അംഗമായിരുന്ന സജീവൻ ചൊവ്വ അധ്യക്ഷത വഹിച്ച പരിപാടിയിൽ കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതം പറഞ്ഞു. സിപിഐ എം കണ്ണൂർ ഏരിയ സെക്രട്ടറി കെ പി സുധാകരൻ, പ്രവാസി സംഘം ജില്ലാ കമ്മറ്റി അംഗങ്ങളായ ടി പി നാരായണൻ, പി.പത്മനാഭൻ, കേളി രക്ഷാധികാരി സമിതി അംഗങ്ങളായിരുന്ന കെ പി വത്സൻ,  കുഞ്ഞിരാമൻ മയ്യിൽ, സുധാകരൻ കല്യാശേരി, വി പി രാജീവൻ, റോദ ഏരിയ കമ്മറ്റി അംഗം ഷാജി കെ കെ, കേളി അംഗങ്ങളായിരുന്ന ജയരാജൻ ആരത്തിൽ, ബാബു, മുരളി കണിയാരത്ത്  എന്നിവർ പുരസ്കാര ജേതാക്കളെ അനുമോദിച്ചു സംസാരിച്ചു. കേളി കേന്ദ്ര കമ്മറ്റി മുൻ അംഗം ശ്രീകാന്ത് ചേനോളി നന്ദി പറഞ്ഞു. പത്താം ക്ലാസ് വിഭാഗത്തിൽ 129 , പ്ലസ് ടു  വിഭാഗത്തിൽ 99 എന്നിങ്ങനെ 228 കുട്ടികളാണ് ഈ അധ്യയനവർഷം പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്.     Read on deshabhimani.com

Related News