ജിദ്ദ മ്യൂസിക്കൽ റെയിൻ ''ശിഹാബ് കാ മെഹഫിൽ'' സംഘടിപ്പിച്ചു
ജിദ്ദ> ജിദ്ദയിലെ കലാസാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ മ്യൂസിക്കൽ റെയ്‌നിന്റെ ബാനറിൽ ഹസ്സൻ കൊണ്ടോട്ടിയുടെയും നിസാർ മടവൂരിന്റെയും സംഘാടനത്തിൽ ഒരുക്കിയ ‘ശിഹാബ് കാ മെഹഫിൽ’ സംഗീതത്തിന്റെ കുളിർമഴ പെയ്യിച്ചത് കലാ ആസ്വാദകരുടെ മനം കുളിർത്തു. ഗാനമേള വേദികളിലും മറ്റും ശ്രദ്ധേയനായ ശിഹാബ് പൂക്കളത്തൂർ നയിച്ച പരിപാടി ജനപിന്തുണ കൊണ്ടും സംഘാടന മികവ് കൊണ്ടും വൻ വിജയമായിരുന്നു. ജിദ്ദയിൽ മാസങ്ങളുടെ ഇടവേളക്ക് ശേഷം നടന്ന പരിപാടിയായതിനാൽ മലയാളി കുടുംബങ്ങൾ അടക്കമുള്ള ആസ്വാദകർ ഓരോ ഗാനങ്ങളും കലാ പരിപാടികളും നെഞ്ചിലേറ്റി. ഈയിടെ വിടപറഞ്ഞ മാപ്പിളപ്പാട്ടിന്റെ രാജകുമാരി വിളയിൽ ഫസീലയെ അനുസ്മരിച്ചു. ഫസീല പാടി സൂപ്പർ ഹിറ്റാക്കിയ ഹജ്ജിന്റെ രാവിൽ എന്നു തുടങ്ങുന്ന ഗാനം പിന്നണി ഗായികയായ മുംതാസ് അബ്ദുറഹ്‌മാൻ ആലപിച്ചു കൊണ്ടാമായിരുന്നു ഗാനവിരുന്നിന് തുടക്കം കുറിച്ചത്. ശിഹാബ് പൂക്കളത്തൂരും കൂടെ ജിദ്ദയിലെ അറിയപ്പെടുന്ന ഗായകരായ മിർസ ശരീഫ്, സോഫിയ സുനിൽ, അഷ്‌റഫ് വലിയോറ, മുഹമ്മദ് കുട്ടി അരിബ്ര, ഫർസാന യാസിർ, മുബാറക്ക് വാഴക്കാട്, റിയാസ് മേലാറ്റൂർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജിദ്ദയിലെ പ്രശസ്ത കൊറിയോഗ്രാഫറായ നദീറ മുജിബ് അണിയിച്ചൊരുക്കിയ കുട്ടികളുടെ മോഡേൺ ഒപ്പനയും അറബിക് ഡാൻസും ശ്രദ്ധേയമായി. നിസാർ മടവൂർ അവതാരകനായിരുന്നു. Read on deshabhimani.com