ഇന്ത്യൻ ഗാർഹിക തൊഴിലാളികൾക്ക് നിർദേശവുമായി ഇന്ത്യൻ എംബസി
കുവൈത്ത് സിറ്റി> കുവൈത്തിലെ ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ ശ്രദ്ധയ്ക്കായി ഇന്ത്യൻ എംബസി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു. 2015 ലെ കുവൈത്തിലെ ഗാർഹിക തൊഴിലാളി നിയമ പ്രകാരമുള്ള തൊഴിലാളിയുടെ അവകാശങ്ങൾ ഇവയാണ്. അറബിയിലും ഇംഗ്ലീഷിലും തയ്യാറാക്കിയ രേഖാമൂലമുള്ള തൊഴിൽ കരാർ നിർബന്ധമാണ്. തൊഴിലാളിയുടെ പ്രതിമാസ വേതനം കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച മിനിമം വേതനത്തിൽ കുറയാൻ പാടുള്ളതല്ല. (ഇന്ത്യ ഗവൺമെന്റ് ചട്ടങ്ങൾ അനുസരിച്ച്, കുവൈത്തിലെ ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ കുറഞ്ഞ വേതനം പ്രതിമാസം 120 ദിനാർ ആണ്). തൊഴിലാളി ജോലിയിൽ ചേർന്ന തീയതി മുതൽ ഓരോ മാസാവസാനത്തിലും നിശ്ചിത ശമ്പളം ഒരു കിഴിവും കൂടാതെ തൊഴിലുടമ തൊഴിലാളിക്ക് നൽകണം. വേതനം വൈകുന്ന സാഹചര്യത്തിൽ, കാലതാമസം വന്ന ഓരോ മാസത്തിനും 10 ദിനാർ വീതം തൊഴിലുടമ തൊഴിലാളിക്ക് അധികം നൽകണം. തൊഴിലാളിക്ക് ഭക്ഷണം, വസ്ത്രം, വൈദ്യചികിത്സ, മതിയായ താമസസൗകര്യം എന്നിവ തൊഴിലുടമ സൗജന്യമായി നൽകണം തൊഴിലുടമ തൊഴിലാളിക്ക് അധിക ജോലിക്കുള്ള വേതനം നൽകാത്ത സാഹചര്യത്തിൽ മാനവ ശേഷി സമിതി അന്വേഷണം നടത്തി വേതനത്തിന്റെ ഇരട്ടി നഷ്ടപരിഹാരം നൽകാൻ തൊഴിലുടമയോട് ഉത്തരവിടും. തൊഴിലുടമ തൊഴിലാളിക്ക് പ്രതിവാര വിശ്രമവും വാർഷിക അവധിയും നൽകണം സേവനാന്തര ആനുകൂല്യമായി തൊഴിലുടമ തൊഴിലാളിക്ക് ഓരോ വർഷവും ഒരു മാസത്തെ വേതനം നൽകണം. ആരോഗ്യത്തെ ബാധിക്കുന്നതോ മനുഷ്യന്റെ അന്തസ്സിനെ വ്രണപ്പെടുത്തുന്നതോ ആയ അപകടകരമായ ഒരു ജോലിയും ചെയ്യാൻ തൊഴിലാളിയെ നിർബന്ധിക്കരുത്. പരമാവധി ജോലി സമയം പ്രതിദിനം 12 മണിക്കൂറിൽ അധികമാകരുത്. തൊഴിലാളിയുടെ സമ്മതം കൂടാതെ തൊഴിലാളിയുടെ പാസ്‌പോർട്ട്/സിവിൽ ഐഡി എന്നിവ തൊഴിലുടമ കൈവശം വെക്കരുത്. Read on deshabhimani.com