ബ്രിജ് ഭൂഷൺ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് രാജ്യമാകെ വിദ്യാർത്ഥി - യുവജന പ്രതിഷേധം
ന്യൂഡൽഹി > പ്രായപൂർത്തിയാകാത്തവരെയടക്കം ഏഴുതാരങ്ങളെ ലൈംഗീകാതിക്രമത്തിന് വിധേയനാക്കിയ ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷണെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധിച്ച് എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും. പ്രതിഷേധസൂചകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബ്രിജ്‌ഭൂഷണിന്റെയും കോലം കത്തിച്ചു. മഹാരാഷ്‌ട്രയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി പങ്കെടുത്തു. തെലങ്കാനയിൽ സംഗറെഡ്ഡി, കരിംനഗർ, ഹൻമകൊണ്ട, ഭൂപാലപള്ളി തുടങ്ങി വിവിധ ജില്ലകളിൽ പടുടൂറ്റർ പ്രകടനങ്ങൾ നടന്നു. മധ്യപ്രദേശിലെ ഭിഡ് ജില്ലയിൽ മോദിയുടെ കോലം കത്തിച്ച പ്രവർത്തകർ ജില്ല ഭരണകൂടത്തിന് നിവേദനം നൽകി. ഗോഹാദി, മൗവി ജില്ലകളിലും സമാനപ്രതിഷേധമുണ്ടായി. രാജസ്ഥാനിൽ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം ജഗ്ജീത് സിംഗ് ജഗ്ഗി നേതൃത്വം നൽകി. കേരളത്തിൽ എല്ലാ ജില്ലകളിലും രാത്രിയാത്രകൾ സംഘടിപ്പിച്ചു. ബംഗാളിൽ പടുകൂറ്റൻ റാലികളാണ് ഇരു സംഘടനകളും ചേർന്ന് നടത്തിയത്. തമിഴ്‌നാട്, കർണാടക, ആന്ധ്ര, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ്,അസം,ത്രിപുര തുടങ്ങി ഭൂരിപക്ഷം സംസ്ഥാനങ്ങളിലും താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പതിനായിരങ്ങൾ തെരുവിലറങ്ങി. Read on deshabhimani.com