വസുന്ധരയെയും വെട്ടി 
മോദി ഷാ കൂട്ടുകെട്ട്‌ ; രാജസ്ഥാനിൽ ബിജെപിയെ നയിക്കുക വസുന്ധര ആയിരിക്കില്ല

image credit Vasundhara Raje facebook


ന്യൂഡൽഹി മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാനെ ഒതുക്കിയ നരേന്ദ്ര മോദി–- അമിത്‌ ഷാ കൂട്ടുകെട്ട്‌ രാജസ്ഥാനിൽ മുൻമുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെയും ചിറകരിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന രാജസ്ഥാനിൽ വസുന്ധര ആയിരിക്കില്ല ബിജെപിയെ നയിക്കുക. നേതാക്കൾ കൂട്ടായി നയിക്കാനാണ്‌ കഴിഞ്ഞ ദിവസം അമിത്‌ ഷായുടെ സാന്നിധ്യത്തിൽ ചേർന്ന നേതൃയോഗത്തിലെ ധാരണ. ബിജെപി പ്രസിഡന്റ്‌ ജെ പി നദ്ദയും രാജസ്ഥാനിലെ മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തു. അമിത്‌ ഷായുടെ നേതൃത്വത്തിൽ ജയ്‌പുരിൽ ബുധനാഴ്‌ച യോഗം ചേർന്നതുതന്നെ വസുന്ധരയെ നേതൃസ്ഥാനത്തുനിന്ന്‌ നീക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. വിമാനത്താവളത്തിൽ ഷായെ സ്വീകരിക്കാൻ വസുന്ധര എത്തിയിരുന്നെങ്കിലും ഷാ ഗൗനിച്ചില്ല. മുഖ്യമന്ത്രിസ്ഥാനത്തേക്ക്‌ ആരെയും ഉയർത്തിക്കാട്ടേണ്ടതില്ലെന്ന ഷായുടെ നിർദേശത്തിന്‌ എതിർപ്പുണ്ടായില്ല. മധ്യപ്രദേശിലേതുപോലെ കേന്ദ്രമന്ത്രിമാരും എംപിമാരും രാജസ്ഥാനിലും ബിജെപിക്കായി മത്സരിക്കാനിറങ്ങും. ജൽശക്തി മന്ത്രി ഗജേന്ദ്രസിങ്‌ ശെഖാവത്ത്‌, നിയമമന്ത്രി അർജുൻ റാം മെഘ്‌വാൾ, ലോക്‌സഭാംഗം ദിയാകുമാരി എന്നിവർ നിയമസഭയിലേക്ക്‌ മത്സരിക്കുമെന്ന്‌ തീർച്ചയാണ്‌. ബിജെപിയിലെ ‘മോദി’ ഘട്ടത്തിന്‌ മുമ്പായി ദേശീയതലത്തിൽ തിളങ്ങിയ നേതാക്കളാണ്‌ ശിവ്‌രാജ്‌ സിങ്‌ ചൗഹാനും വസുന്ധര രാജെയും. ഇവർക്കൊപ്പം ഛത്തീസ്‌ഗഢ്‌ മുൻമുഖ്യമന്ത്രി രമൺ സിങ്ങിനെക്കൂടി ഒതുക്കാനുള്ള നീക്കത്തിലാണ്‌ മോദി–- ഷാ കൂട്ടുക്കെട്ട്‌. Read on deshabhimani.com

Related News