വാട്‌സ്‌ ആപ്പിലൂടെ മുത്തലാഖ്‌: പരാതിയുമായി യുവതി

പ്രതീകാത്മക ചിത്രം


മംഗളൂരു > വിദേശത്ത്‌ ജോലി ചെയ്യുന്ന ഭർത്താവ്‌ വാട്‌സ്‌ ആപ്പിലൂടെ മൊഴി ചൊല്ലിയതായി ഭാര്യയുടെ പരാതി. ദക്ഷിണ കന്നഡ സ്വദേശിനിയായ യുവതിയാണ് സുള്ള്യ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തൃശൂർ സ്വദേശിയായ അബ്‌ദുൾ റഷീദിനെതിരെയാണ് പരാതി. ഇയാൾ വിദേശത്ത് ജോലി ചെയ്യുകയാണെന്നും ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ടെന്നും പൊലീസ് പറഞ്ഞു. ദക്ഷിണ കന്നഡ സുള്ള്യ താലൂക്കിലെ ജയനഗർ സ്വദേശിയായ യുവതിയെ ഏഴ് വർഷം മുമ്പാണ് ഇയാൾ വിവാഹം കഴിച്ചത്. രണ്ട് വർഷം മുമ്പ് റഷീദ് ഭാര്യയെയും വിദേശത്തേക്ക് കൊണ്ടുപോയിരുന്നു. യുവതിയുടെ രണ്ടാമത്തെ പ്രസവസമയത്ത് സുള്ള്യയിൽ തിരികെ എത്തിക്കുകയായിരുന്നു.ദമ്പതികൾ തമ്മിൽ അടുത്തിടെ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി. വീട്ടുകാർ ഇടപ്പെട്ട്‌  പ്രശ്‌ന പരിഹാരത്തിന്‌ ശ്രമിച്ചുകൊണ്ടിരിക്കെയാണ് റഷീദ് ഭാര്യക്ക് മുത്തലാഖ് ചൊല്ലി വാട്‌സ്ആപ്പ് സന്ദേശം അയച്ചത്. സംഭവത്തിൽ സുള്ള്യ പൊലീസ് അന്വേഷണം ആരംഭിച്ചു.   Read on deshabhimani.com

Related News