തകർന്നടിഞ്ഞ് രൂപ; ഡോളറിന്റെ മൂല്യം 79 രൂപ, ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ തകർച്ച
തിരുവനന്തപുരം ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകർച്ചയിൽ രൂപ. ഡോളറിനെതിരെ എക്കാലത്തെയും മോശം വിനിമയ നിരക്കായ 79.03 രൂപയിലേക്ക് ബുധനാഴ്‌ച കൂപ്പുകുത്തി. ചൊവ്വാഴ്‌ച ഡോളറിനെതിര 78.77 രൂപ എന്ന നിലയിലായിരുന്നു. ബുധനാഴ്‌ച 18 പൈസ കൂടി ഇടിഞ്ഞ് 79.03 ആയി താഴ്‌ന്നു. ഡോളർ ശക്തിപ്പെട്ടതും വിദേശനിക്ഷേപകരുടെ പിൻമാറ്റവുമാണ് തിരിച്ചടിയായത്. ജൂൺ 21 നാണ് രൂപ 78 തൊട്ടത്. ഒമ്പത് ദിവസത്തിനിടയിൽ 99 പൈസയുടെ ഇടിവ്. ഈ നിലതുടർന്നാൽ ജുലൈ രണ്ടാം വാരത്തിൽ 80 ൽ എത്തുമെന്ന് സാമ്പത്തിക വിദഗ്‌ധർ മുന്നറിയിപ്പ് നൽകി. ഓഹരി വിപണിയിലും തിരിച്ചടി ഉണ്ടായി. ഉയർന്ന പലിശ നിരക്ക് സാമ്പത്തിക വളർച്ചയ്‌ക്ക് തിരിച്ചടിയാകുമെന്ന ആശങ്ക അമേരിക്കൻ വിപണിയിൽ സൃഷ്ടിച്ച പിന്നോട്ടടി ഏഷ്യൻ വിപണിയെയും ബാധിച്ചു. ഈ വർഷം ജനുവരി മുതൽ ജൂലൈ 29 വരെ 5.8 ശതമാനമാണ് മൂല്യത്തിലെ ഇടിവ്. മോദി സർക്കാർ അധികാരമേറ്റ 2014 മേയിൽ 59 രൂപ 44 പൈസയായിരുന്നു വിനിമയനിരക്ക്. എട്ട് വർഷത്തിനിടയിൽ 20 രൂപ ഇടിഞ്ഞു. റിസർവ് ബാങ്ക് വൻതോതിൽ ഡോളർ ഇറക്കിയിട്ടും രൂപയുടെ മൂല്യശോഷണം പിടിച്ചുനിർത്താനാകുന്നില്ല. രൂപ ക്ഷയിക്കുന്നത് സമ്പദ്‌മേഖലയിൽ വലിയ തിരിച്ചടി സൃഷ്ടിക്കും. വിലക്കയറ്റം തുടരുന്നതോടൊപ്പം ഇറക്കുമതി ചെലവ് വർധിച്ച് വിദേശ നാണയ ശേഖരത്തിലും ഇടിവുണ്ടാകും. കയറ്റുമതികാർക്ക് നേട്ടമാകുന്നുണ്ട്. രൂപയുടെ വിലയിടിഞ്ഞതോടെ ഓഹരി, കടപത്ര വിപണിയിൽ നിന്നും വിദേശനിക്ഷേപം വൻതോതിൽ പിൻവലിക്കുന്നു. ജൂണിൽ ഇതുവരെ 630 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പിൻവലിച്ചു. വ്യാപാരകമ്മി വർധിച്ചതിനാൽ ഇറക്കുമതിക്കായി ഡോളറിന്റെ ആവശ്യകത കൂടിയതും വിദേശനിക്ഷേപകരുടെ പിന്മാറ്റവും തുടരുകയാണ്. ഇന്ത്യയുടെ വിദേശനാണ്യശേഖരം ആറ് മാസത്തിനിടയിൽ 64000 കോടി ഡോളറിൽ നിന്നും 59560 കോടി ഡോളറായി കുറഞ്ഞു. Read on deshabhimani.com