പിഎസ്എൽവി സി 60 ; ഇരട്ട ഉപഗ്രഹങ്ങൾ ലക്ഷ്യത്തിലെത്തി



തിരുവനന്തപുരം സമ്പൂർണ പരീക്ഷണ ദൗത്യമായ പിഎസ്എൽവി സി 60 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേയ്സ് സെന്ററിൽനിന്ന് തിങ്കൾ രാത്രി 10 കഴിഞ്ഞ് 15–-ാം സെക്കന്റിലായിരുന്നു വിക്ഷേപണം. ബഹിരാകാശത്ത് ഇരട്ട ഉപഗ്രഹങ്ങളുടെ ഡോക്കിങ് അടക്കമുള്ള പരീക്ഷണത്തിനുള്ള ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണമാണിത്. വിക്ഷേപണത്തിന്റെ പതിനാറാം മിനിറ്റിൽ ഉപഗ്രഹങ്ങൾ 475 കിലോമീറ്റർ ഉയരത്തിലുള്ള നിശ്ചിത ഭ്രമണപഥത്തിൽ ഒന്നിനു പുറകെ ഒന്നായി എത്തി. ജനുവരി ആറ്‌ മുതൽ 10 വരെ രണ്ട് ഉപഗ്രഹങ്ങളെ കൂട്ടി യോജിപ്പിക്കുന്നതും വേർപെടുത്തുന്നതുമായ  ഡോക്കിങ് പരീക്ഷണം നടത്തും. 20 കിലോമീറ്റർ അകലത്തിൽ സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളുടെ വേഗത ക്രമീകരിച്ചാണ് ഇത് സാധ്യമാക്കുക. ബഹിരാകാശത്ത് വിത്തു മുളപ്പിക്കുന്ന പരീക്ഷണവും നടക്കും. വിക്ഷേപണത്തിന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, വിഎസ്എസ് സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്‌ണൻ നായർ, ഇസ്ട്രാക് ഡയറക്ടർ ഡോ. എ കെ അനിൽകുമാർ, എൽപിഎസ്‌സി ഡയറക്ടർ ഡോ. എം നാരായണൻ, ഷാർ ഡയറക്ടർ എ രാജരാജൻ തുടങ്ങിയവർ നേതൃത്വം നൽകി. ഡോ. എം ജയകുമാർ ആയിരുന്നു മിഷൻ ഡയറക്ടർ. 700 പേടകങ്ങളുടെ ട്രാഫിക് ജാം: വിക്ഷേപണം 2 മിനിറ്റ് വൈകി സ്റ്റാർലിങ്ക് പേടകങ്ങൾ സൃഷ്ടിച്ച ‘ട്രാഫിക് ജാമി'നെ തുടർന്ന് പിഎസ്എൽവി സി 60 വിക്ഷേപണം 2.15 മിനിറ്റ്  വൈകി. തിങ്കൾ രാത്രി 9.58ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം പത്തിനു ശേഷമാക്കുകയായിരുന്നു. ബഹിരാകാശത്ത് പിഎസ്എൽവി റോക്കറ്റ് കടന്നുപോകുന്ന സമയത്ത് എലോൺ മസ്കിന്റെ 700 സ്റ്റാർലിങ്ക് പേടകകങ്ങളുടെ ശൃംഖല അതേ മേഖലയിൽ എത്തുമെന്ന്ഐഎസ്ആർഒ നിരീക്ഷണ വിഭാഗം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. Read on deshabhimani.com

Related News