പാനായിക്കുളം കേസ്‌: പ്രതികളെ വെറുതേവിട്ടത് ശരിവച്ച്‌ സുപ്രീംകോടതി



ന്യൂഡൽഹി> നിരോധിതസംഘടനയായ സിമിയുടെ യോഗം ചേർന്നതിന്റെ പേരിൽ എടുത്ത കേസിൽ അഞ്ച്‌ പ്രതികളെ വെറുതേവിട്ടത്‌ ശരിവച്ച്‌ സുപ്രീംകോടതി. പാനായിക്കുളം കേസിൽ എൻഐഎ കോടതി ശിക്ഷിച്ച അഞ്ച്‌ പ്രതികളെ കേരളാ ഹൈക്കോടതി വെറുതേവിട്ടിരുന്നു. എൻഐഎ നൽകിയ അപ്പീൽ ജസ്റ്റിസ്‌ ഭൂഷൺ ആർ ഗവായ്‌ അധ്യക്ഷനായ ബെഞ്ചാണ്‌ തള്ളിയത്‌. നിരോധിക്കപ്പെടുംമുമ്പ്‌ സിമിയുടെ പ്രസിദ്ധീകരണങ്ങളോ രേഖകളോ കൈവശം വച്ചതുകൊണ്ട്‌ പ്രതികൾ കുറ്റക്കാരാകുന്നില്ല എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്‌. എന്നാൽ, ഹൈക്കോടതി വിധിക്കുശേഷം യുഎപിഎ കേസുകളുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതി പുതിയ ഉത്തരവ്‌ പുറപ്പെടുവിച്ചു. നിരോധിതസംഘടനയിൽ അംഗത്വമുണ്ടായാൽ യുഎപിഎ ചുമത്താമെന്ന്‌ ആയിരുന്നു ഉത്തരവ്‌. തുടർന്നാണ്‌, ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എൻഐഎ സുപ്രീംകോടതിയെ സമീപിച്ചത്‌. എന്നാൽ, കേസുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ചശേഷമാണ്‌ ഹൈക്കോടതി പ്രതികളെ വെറുതേവിട്ടതെന്ന്‌ ജസ്റ്റിസ്‌ ഭൂഷൺ ആർ ഗവായ്‌ ചൂണ്ടിക്കാണിച്ചു. Read on deshabhimani.com

Related News