മണിപ്പുരിൽ മെയ്‌ത്തീ സായുധ 
വളന്റിയർമാർക്ക്‌ ജാമ്യം



ന്യൂഡൽഹി മണിപ്പുരിൽ ആയുധങ്ങളുമായി സൈനിക വേഷത്തിൽ സഞ്ചരിച്ചതിന്‌ പൊലീസ്‌ അറസ്റ്റുചെയ്‌ത അഞ്ച്‌ യുവാക്കൾക്ക്‌ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. വില്ലേജ്‌ ഡിഫൻസ്‌ വളന്റിയർമാരായ യുവാക്കളുടെ മോചനത്തിനായി കഴിഞ്ഞ ആറുദിവസമായി ഇംഫാൽ താഴ്‌വരയിൽ മെയ്‌ത്തീ അനുകൂല സംഘടനകൾ വ്യാപക പ്രതിഷേധത്തിലായിരുന്നു. മെയ്‌ത്തീ സ്‌ത്രീ കൂട്ടായ്‌മയായ മെയ്‌രാ പെയ്‌ബികളുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭവും പ്രതിഷേധവും. പ്രക്ഷോഭകർ സൃഷ്ടിക്കുന്ന സമ്മർദവും യുവാക്കൾക്ക്‌ ജാമ്യം അനുവദിക്കാൻ കാരണമായി. 50,000 രൂപ ബോണ്ടിന്മേലാണ്‌ ജാമ്യം. അന്വേഷണവുമായി സഹകരിക്കണമെന്ന്‌ കോടതി നിർദേശിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും സംസ്ഥാനം വിട്ടുപോകരുതെന്നും നിർദേശമുണ്ട്‌. സെപ്‌തംബർ 16നാണ്‌ അത്യാധുനിക ആയുധങ്ങളുമായി റോന്തുചുറ്റുകയായിരുന്ന യുവാക്കളെ പൊലീസ്‌ കസ്റ്റഡിയിൽ എടുത്തത്‌. ആയുധമോഷണം : തൽസ്ഥിതി റിപ്പോർട്ട്‌ 
നൽകി മണിപ്പുർ സർക്കാർ സംഘർഷത്തിനിടെ കവർച്ച ചെയ്യപ്പെട്ട ആയുധങ്ങൾ തിരിച്ചുപിടിച്ചതുമായി ബന്ധപ്പെട്ട തൽസ്ഥിതി റിപ്പോർട്ട്‌ സുപ്രീംകോടതിയിൽ സമർപ്പിച്ച്‌ മണിപ്പുർ സർക്കാർ. പൊലീസ്‌ സ്‌റ്റേഷനുകൾ, ക്യാമ്പുകൾ എന്നിവിടങ്ങളിൽനിന്നുമാണ്‌ അക്രമികൾ ആയുധങ്ങൾ കവര്‍ന്നത്. മണിപ്പുർ സർക്കാരിനായി സോളിസിറ്റർ ജനറൽ തുഷാർമെഹ്‌ത കോടതിയിൽ ഹാജരായി. മണിപ്പുർ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണമേൽനോട്ടത്തിന്‌ നിയമിച്ച മഹാരാഷ്ട്ര മുൻ ഡിജിപി ദത്താത്രേയാ പട്‌സാൽഗികറിന്‌ ഇടക്കാല റിപ്പോർട്ട്‌ സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കുമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു. മണിപ്പുരിലെ സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ വേണ്ടിയുള്ള സാവകാശം ഉദ്യോഗസ്ഥന്‌ അനുവദിക്കുകയാണെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു. സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമക്കേസുകൾ ഉൾപ്പെടെ സിബിഐക്ക്‌ വിട്ട 11 കേസിന്റെ അന്വേഷണത്തിന്‌ മേൽനോട്ടം വഹിക്കാനാണ്‌ ദത്താത്രേയാ പട്‌സാൽഗികറിനെ സുപ്രീംകോടതി ചുമതലപ്പെടുത്തിയത്‌. സിബിഐ അന്വേഷണപുരോഗതി സംബന്ധിച്ച്‌ വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്ന്‌ ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിരാജയ്‌സിങ് പരാതിപ്പെട്ടു. മണിപ്പുരിൽ മേയിൽ കൂട്ടബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ട രണ്ടു സ്‌ത്രീകളുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക്‌ ഇനിയും കൈമാറിയിട്ടില്ലെന്ന്‌ അഡ്വ. വൃന്ദാഗ്രോവർ ചൂണ്ടിക്കാണിച്ചു. കുക്കി വിഭാഗക്കാരായ സ്‌ത്രീകളുടെ മൃതദേഹങ്ങൾ ഇംഫാലിലെ കുടുംബങ്ങൾക്ക്‌ ഉടൻ വിട്ടുനൽകാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു.   ദുരിതാശ്വാസ ക്യാമ്പിൽ കുഞ്ഞ്‌ മരിച്ചു ചുരാചന്ദ്പുർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ ഒരു വയസ്സുകാരി ന്യൂമോണിയ ബാധിച്ച്‌ മരിച്ചു. ജീവകാരുണ്യ സംഘടനയായ കുക്കി ഖംഗ്ലായ് ലോമ്പി (കെകെഎൽ) നേതൃത്വത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടിസ്ഥാന സൗകര്യമില്ലാത്ത സർക്കാർ ആശുപത്രികളിൽ രണ്ടു കുഞ്ഞുങ്ങളടക്കം 39 പേർ സംഘർഷമാരംഭിച്ചശേഷം മതിയായ ചികിത്സ കിട്ടാതെ മരിച്ചെന്ന്‌ സംഘടന അവകാശപ്പെട്ടു. Read on deshabhimani.com

Related News