കൂട്ടപ്പിരിച്ചുവിടൽ 
ബിഎസ്‌എൻഎല്ലിനെ തകർക്കും



ന്യൂഡൽഹി ബിഎസ്‌എൻഎൽ സേവനങ്ങൾ കാര്യക്ഷമമാക്കാനും വരുമാനം വർധിപ്പിക്കാനും നടപടി സ്വീകരിക്കുന്നതിന്‌ പകരം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്‌ സ്ഥാപനത്തെ തകർച്ചയിലേക്ക്‌ തള്ളിവിടും. മൂന്ന്‌ തവണ വിആർഎസ്‌ നടപ്പാക്കിയ എംടിഎൽഎൽ അടച്ചുപൂട്ടലിന്റെ വക്കിലാണ്‌. 2020ൽ ബിഎസ്‌എൻഎല്ലിൽ വിആർഎസ്‌ വഴി 80,000ൽപരം ജീവനക്കാർ പിരിഞ്ഞു. ശേഷിക്കുന്നത്‌ 29,750 എക്‌സിക്യൂട്ടീവ്‌ ജീവനക്കാരും 26,435 നോൺ എക്‌സിക്യൂട്ടീവ്‌ ജീവനക്കാരും മാത്രം. വീണ്ടും വിആർഎസ്‌ നടപ്പാക്കുന്നതിനെതിരെ ഏറ്റവും പ്രധാന അംഗീകൃത സംഘടന ബിഎസ്‌എൻഎൽ എംപ്ലോയീസ്‌ യൂണിയൻ മാനേജ്‌മെന്റിന്‌ കത്ത്‌ നൽകി. ശമ്പളച്ചെലവിനെപ്പറ്റി മാനേജ്‌മെന്റിന്റെ കണക്ക്‌ വളച്ചൊടിച്ചതാണ്‌. ജിയോ, എയർടെൽ കമ്പനികൾ 5ജി സേവനങ്ങൾ നൽകുമ്പോൾ ബിഎസ്‌എൻഎൽ ഇപ്പോഴും 2ജി, 3ജി എന്നിവയെയാണ്‌ ആശ്രയിക്കുന്നത്‌. ടിസിഎസ്‌ നൽകിയ 4ജി ഉപകരണങ്ങൾ സ്ഥാപിക്കാൻ വൈകി. ഇത്‌ സ്ഥാപിച്ച സ്ഥലങ്ങളിൽ സാങ്കേതിക തടസ്സവമുണ്ട്‌. ഗുണനിലവാരവുമില്ല. സ്വകാര്യ കമ്പനികൾക്ക്‌ വിദേശസ്ഥാപനങ്ങളിൽനിന്ന്‌ 4ജി, 5ജി ഉപകരണങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകിയപ്പോൾ ബിഎസ്‌എൻഎല്ലിന്‌ നിഷേധിച്ചു.   സ്വകാര്യ ഓപ്പറേറ്റർമാർ നിരക്ക്‌ കുത്തനെ കൂട്ടിയപ്പോൾ ലക്ഷക്കണക്കിന്‌ പേർ ബിഎസ്‌എൻഎല്ലിലേക്ക്‌ മാറിയിരുന്നു. സേവനത്തിലെ പോരായ്‌മ കാരണം ഇവർ തിരിച്ചുപോവുകയാണ്‌. വീടുകളിലെ ഫൈബർ കണക്‌ഷനും ലാൻഡ്‌ലൈനുകളും ബിഎസ്‌എൻഎല്ലിന്റെ നേട്ടമായി. പരാതി പരിഹരിക്കാൻ സംവിധാനമില്ലാത്തതിനാൽ ഈ മേഖലകളിലും തകർച്ചയാണെന്നും യൂണിയൻ ജനറൽ സെക്രട്ടറി പി അഭിമന്യു കത്തിൽ പറഞ്ഞു.   Read on deshabhimani.com

Related News