കോവിഡ്‌ നേരിടാൻ മഴക്കോട്ട്‌., ഹെൽമെറ്റ്‌...! ; രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനം പരാജയം



ന്യൂഡൽഹി കീറിയ മഴക്കോട്ട്‌, തലയിൽ ഹെൽമെറ്റ്‌... രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ്‌ രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകരുടെ സുരക്ഷാ ഉപകരണങ്ങൾ ഇതൊക്കെയാണ്‌. രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനം എത്ര പരാജയമാണെന്നാണ്‌ ഇത്‌ ചൂണ്ടിക്കാട്ടുന്നത്‌.     കൊൽക്കത്തയിലെ പ്രധാന കൊറോണ വൈറസ് ചികിത്സാ കേന്ദ്രമായ ബെലിയാഗാറ്റ ഇൻഫെക്ഷിയസ് ഡിസീസ് ആശുപത്രിയിൽ കോവിഡ്‌ രോഗികളെ പരിശോധിക്കുന്ന ജൂനിയർ ഡോക്ടർമാർക്ക്‌ പേഴ്‌സണൽ പ്രൊട്ടക്‌ഷൻ എക്വുപ്‌മെന്റായി (പിപിഇ) നൽകിയത്‌ പ്ലാസ്റ്റിക് മഴക്കോട്ട്. ഇത്‌ സംബന്ധിച്ച വാർത്തയും ചിത്രവും അന്താരാഷ്‌ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സാണ്‌ റിപ്പോർട്ട്‌ ചെയ്തത്‌. എൻ –-95 മാസ്കുകൾ ഇല്ലാത്തതിനാൽ താൻ മോട്ടോർബൈക്കിന്റെ ഹെൽമെറ്റ് ആണ്‌ മാസ്കായി ഉപയോഗിക്കുന്നതെന് ഹരിയാനയിലെ ഇഎസ്ഐ ആശുപത്രിയിലെ ഡോ. സന്ദീപ് ഗാർഗ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതിനോട്‌ പ്രതികരിച്ചിട്ടില്ല. ഹരിയാനയിലെ റോഹ്തക് നഗരത്തിലെ സർക്കാർ ആശുപത്രിയിൽ ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ഡോക്ടർമാർ രോഗികളെ ചികിത്സിക്കാൻ വിസമ്മതിക്കുകയാണ്‌. ഇവിടെ ഡോക്ടർമാർ ചേർന്ന്‌ കോവിഡ്–- -19 ഫണ്ടിന്‌ തുടക്കം കുറിച്ചു. ഓരോ ഡോക്ടർമാരും 1,000 രൂപ സംഭാവന ചെയ്ത്‌ ആ തുക ഉപയോഗിച്ച്‌ മാസ്‌കുകളും മറ്റും വാങ്ങുകയാണ്‌ ലക്ഷ്യം. Read on deshabhimani.com

Related News