വിദേശ മന്ത്രാലയത്തിന്റെ കോഴ്‌സിൽ ഭീകരരും ; താലിബാനെ സ്വീകരിച്ച് 
കേന്ദ്ര സർക്കാർ

കോഴിക്കോട്‌ ഐഐഎം


ന്യൂഡൽഹി അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭീകരർക്കായി പ്രത്യേക ഓൺലൈൻ കോഴ്‌സ്‌ ഒരുക്കി മോദി സർക്കാർ. കോഴിക്കോട്‌ ഐഐഎമ്മിൽ ചൊവ്വാഴ്‌ച തുടങ്ങിയ നാലു ദിവസത്തെ ഓൺലൈൻ കോഴ്‌സിൽ തങ്ങളുടെ പ്രതിനിധികളുമുണ്ടെന്ന്‌ താലിബാൻ സ്ഥിരീകരിച്ചു. അഫ്‌ഗാനിലെ താലിബാൻ ഭരണകൂടവുമായി മോദി സർക്കാർ കൂടുതൽ അടുക്കുന്നതിന്റെ സൂചനയായാണിത്‌ വിലയിരുത്തപ്പെടുന്നത്‌. വിദേശ മന്ത്രാലയത്തിന്റെ ഇന്ത്യൻ ടെക്‌നിക്കൽ ആൻഡ്‌ ഇക്കണോമിക് കോ-– ഓപറേഷൻ പ്രോഗ്രാം പ്രകാരമാണ്‌ കോഴ്‌സ്‌. ‘ഇമ്മേഴ്‌സിങ്‌ വിത്ത്‌ ഇന്ത്യൻ തോട്ട്‌’  കോഴ്‌സിൽ ആദ്യദിനം പങ്കെടുത്ത ഇരുപതിൽ 18 പേർ അഫ്‌ഗാൻകാരാണെന്ന്‌ ഐഐഎമ്മും സ്ഥിരീകരിച്ചു. വിദേശമന്ത്രാലയമാണ്‌ താലിബാൻ പ്രതിനിധികളെ ക്ഷണിച്ചതെന്നും ഐഐഎം വിശദീകരിച്ചു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഐഐഎം പിആർ മാനേജർ പുറത്തിറക്കിയ വാർത്താകുറിപ്പിലാണ്‌ വിശദീകരണം. തായ്‌ലൻഡ്‌, മാലദ്വീപ്‌ എന്നിവിടങ്ങളിൽനിന്ന്‌ ഓരോ പ്രതിനിധികൾ പങ്കെടുത്തു. താലിബാൻ സർക്കാരിനെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. 2021ൽ അഫ്‌ഗാൻ ഭരണം താലിബാൻ പിടിച്ചശേഷം പലവട്ടം ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ അഫ്‌ഗാനുമായി ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ രണ്ട്‌ കേന്ദ്ര ബജറ്റുകളിലും 200 കോടി രൂപ വീതം ധനസഹായവും താലിബാൻ സർക്കാരിന്‌ നൽകി. ഇതിനുപുറമെ ഗോതമ്പ്‌, മരുന്നുകൾ, കോവിഡ്‌ വാക്‌സിൻ എന്നിവയും നൽകി. കാബൂളിൽ ഇന്ത്യൻ എംബസിയും തുറന്നു. മനുഷ്യാവകാശങ്ങളെയും സ്‌ത്രീസ്വാതന്ത്ര്യത്തെയും അടിച്ചമർത്തുന്ന താലിബാനുമായി മോദി സർക്കാർ കൂട്ടുകൂടുന്നതിനെതിരെ വലിയ പ്രതിഷേധമാണ്‌ സമൂഹമാധ്യമങ്ങളിലും മറ്റും ഉയരുന്നത്‌. സംഘപരിവാർ ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടുമ്പോഴാണ്‌ മറുവശത്ത്‌ ഭീകരസംഘടനയായ താലിബാനുമായി കൈകോർക്കുന്നതെന്ന ആക്ഷേപവും ശക്തം. പ്രതിപക്ഷ പാർടികളും നടപടിയെ അപലപിച്ചു. താലിബാൻ സർക്കാർ വന്നശേഷം എല്ലാ അഫ്‌ഗാൻ വിസകളും ഇന്ത്യ റദ്ദാക്കിയതിനാൽ പഠനം മുടങ്ങിയ അഫ്‌ഗാൻ വിദ്യാർഥികളും പ്രതിഷേധവുമായി രംഗത്തുണ്ട്‌. Read on deshabhimani.com

Related News