അതിജീവിതയുടെ കുഞ്ഞിനെ ദത്തെടുക്കാൻ പിതാവായ പ്രതിയുടെ സമ്മതം വേണ്ട: കർണാടക ഹൈക്കോടതി
ബംഗളൂരു > അതിജീവിതയുടെ കുഞ്ഞിനെ ദത്തെടുക്കാൻ പിതാവായ പ്രതിയുടെ സമ്മതം വേണ്ടെന്ന് കർണാടക ഹൈക്കോടതി. അതിജീവിതയും കുഞ്ഞിനെ ദത്തെടുക്കാനാഗ്രഹിക്കുന്ന ദമ്പതികളും ചേർന്ന് നൽകിയ ഹർജിയിലാണ് വിധി. കുഞ്ഞിനെ ദത്തെടുക്കാൻ അതിജീവിതയുടേയും അവരുടെ രക്ഷിതാക്കളുടേയും സമ്മതം മതിയെന്നും ജസ്റ്റിസ് ഹേമന്ദ് ചന്ദനഗൗഡർ വിധിച്ചു. കുഞ്ഞിനെ ദത്തെടുക്കാനുള്ള ഓൺലൈൻ അപേക്ഷ നിരസിച്ച യെലഹങ്ക സബ് രജിസ്ട്രാറിന്റെ നടപടിയെ ചോദ്യം ചെയ്ത് നൽകിയ ഹർജി പരിഗണിക്കവേയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദത്തെടുക്കേണ്ട കുട്ടിയുടെ പിതാവിന്റെ സമ്മതപത്രമില്ലാത്തതിനാൽ അപേക്ഷ അപൂർണ്ണമാണെന്ന് കാണിച്ചാണ് നിരസിച്ചത്. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ സെക്ഷൻ 38 പ്രകാരം പ്രായപൂർത്തിയാകാത്ത ഇരയായ അമ്മയും അവരുടെ രക്ഷിതാവും സമ്മതം നൽകിയിരിക്കുമ്പോൾ പ്രതിയായ പിതാവിന്റെ സമ്മതം ആവശ്യമില്ലെന്ന് കോടതി നിർദേശിച്ചു. 2024 സെപ്റ്റംബറിലാണ് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. 2023 നവംബർ ഒന്നുമുതൽ 2024 ജൂൺ 20 വരെ പ്രതി പലതവണ ലൈംഗികപീഡനത്തിനിരയാക്കിയതായുള്ള പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റുചെയ്തിരുന്നു. 16 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പോക്‌സോ നിയമത്തിലെ സെക്ഷൻ 4-6, ഐപിസി സെക്ഷൻ 376, 506, 34 എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. Read on deshabhimani.com