സാൻഫ്രാൻസിസ്‌കോ കോൺസുലേറ്റ് ആക്രമണം ; ഖലിസ്ഥാൻവാദികളുടെ ചിത്രം പുറത്തുവിട്ട് എൻഐഎ
ന്യൂഡൽഹി അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിൽ ഇന്ത്യൻ കോൺസുലേറ്റ് ഖലിസ്ഥാൻ അനുകൂലികൾ ആക്രമിച്ച സംഭവത്തിൽ പത്തുപേരുടെ ചിത്രം പുറത്തുവിട്ട് എൻഐഎ. അക്രമികളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് എൻഐഎ വക്താവ് പറഞ്ഞു. രണ്ടെണ്ണത്തിൽ രണ്ട് പ്രതികളുടെ ചിത്രങ്ങൾ വീതവും മൂന്നാമത്തെ നോട്ടീസിൽ ആറ് പ്രതികളുടെ ചിത്രങ്ങളുമാണ് പരസ്യപ്പെടുത്തിയത്. മാർച്ച് 18 രാത്രിയാണ് കോൺസുലേറ്റ് ഖലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചത്. ജൂലൈ രണ്ടിനും കോൺസുലേറ്റിന് തീവയ്ക്കാൻ ശ്രമം നടന്നു. യുഎപിഎ ചുമത്തിയാണ് എൻഐഎ കേസെടുത്തത്. കഴിഞ്ഞ മാസം അമേരിക്കയിലെത്തിയ അന്വേഷണ സംഘം ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. അമേരിക്കൻ സുരക്ഷ ഏജൻസികളും അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്. കോൺസുലേറ്റ് ആക്രമണം ഇന്ത്യ–-അമേരിക്ക ബന്ധത്തിലും ഉരസലുണ്ടാക്കി. Read on deshabhimani.com