വർഗീയവിദ്വേഷം പ്രചരിപ്പിക്കുന്നു; 14 മാധ്യമപ്രവർത്തകരെ ബഹിഷ്കരിച്ച് ഇന്ത്യ മുന്നണി: പട്ടികയിൽ അർണാബും സുധിർ ചൗധരിയും



ന്യൂഡൽഹി > പ്രതിപക്ഷ പാർടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യം 14 മാധ്യമപ്രവർത്തകരെ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. വർ​ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ബിജെപി വക്താക്കളെന്ന നിലയിൽ പെരുമാറുകയും ചെയ്യുന്ന മാധ്യമപ്രവർത്തകരെയാണ് മുന്നണി ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. എല്ലാവരും ഹിന്ദി, ഇംഗ്ലീഷ് വാർത്താ ചാനലുകളിലെ അവതാരകരാണ്. ഇവരുടെ പേരുകളും  മുന്നണി പുറത്തുവിട്ടിട്ടുണ്ട്. പട്ടികയിൽ അർണാബ് ​ഗോസ്വാമിയും സുധിർ ചൗധരിയും ഉൾപ്പെടുന്നു. ചാനലുകളിൽ പക്ഷപാതപരമായി പെരുമാറുന്ന വാർത്ത അവതാരകരുടെ പട്ടിക തയാറാക്കാൻ ബുധനാഴ്ച ചേർന്ന ഇൻഡ്യ സഖ്യത്തിന്‍റെ ഏകോപന സമിതി തീരുമാനിച്ചിരുന്നു. ഇതിനായി സഖ്യത്തിന്‍റെ മാധ്യമ ഉപസമിതിയെ അധികാരപ്പെടുത്തി. പിന്നാലെയാണ് പട്ടിക പുറത്തുവിട്ടത്. പ്രസ്തുത അവതാരകരുടെ പരിപാടികളിൽ പങ്കെടുക്കില്ലെന്നും പ്രതിനിധികളെ അയയ്ക്കില്ലെന്നുമാണ് മുന്നണിയുടെ തീരുമാനം. കോൺ​ഗ്രസ് നേതാവ് പവൻ ഖേരയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പേരുകൾ പുറത്തുവിട്ടത്. അർണാബ് ഗോസ്വാമി, സുധിർ ചൗധരി, അതിഥി ത്യാഗി, അമൻ ചോപ്ര, അമീഷ് ദേവ്‌ഗൺ, ആനന്ദ് നരസിംഹൻ, അശോക് ശ്രീവാസ്തവ്, ഗൗരവ് സാവന്ത്, നവിക കുമാർ, ചിത്ര ത്രിപദി, പ്രാചി പരാശർ, റുബിക ലിയാഖത്, ശിവ് അരൂർ,  സുശാന്ത് സിൻഹ എന്നിവരാണ് 14 മാധ്യമപ്രവർത്തകർ. Read on deshabhimani.com

Related News