മണിപ്പുരിൽ 2 വിദ്യാർഥികളെ കൊല്ലുന്ന 
ദൃശ്യം പുറത്ത്‌ ; ഇംഫാലിൽ വ്യാപക സംഘർഷം



ന്യൂഡൽഹി മണിപ്പുരിൽ ജൂലൈ ആറുമുതൽ കാണാതായ രണ്ട്‌ മെയ്‌ത്തീ വിദ്യാർഥികൾ ക്രൂരമായി കൊല്ലപ്പെട്ടുവെന്ന്‌ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇംഫാലിൽ വ്യാപക സംഘർഷം. ആയിരക്കണക്കിന്‌ വിദ്യാർഥികൾ പ്രതിഷേധിച്ച്‌ തെരുവിലിറങ്ങി. പലയിടത്തും വിദ്യാർഥികളും പൊലീസും ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഫിജം ഹേംജിത്‌ (20), ഹിജം ലിന്തോയിങ്‌ഗാംബി (17) എന്നിവരെ നിഷ്‌ഠുരമായി വധിക്കുന്നതിന്റെ ദൃശ്യങ്ങളാണ്‌, സംസ്ഥാനത്ത്‌ മൊബൈൽ ഇന്റർനെറ്റ്‌ നിരോധനം നീക്കിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്‌. ഇവരെ കാണാതായതിനെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന പൊലീസ്‌ സിബിഐക്ക്‌ കൈമാറിയിരുന്നു. ഒടുവിലായി ഹേംജിത്തിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തിയത്‌ കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്‌പുരിലെ ലംദാനിലായിരുന്നു. സംഭവത്തിൽ കുറ്റവാളികളെ ഉടൻ കണ്ടെത്തുമെന്ന്‌  സർക്കാർ പ്രഖ്യാപിച്ചുവെങ്കിലും തലസ്ഥാന നഗരം രോഷത്തിൽ ആളിക്കത്തുകയാണ്‌. മെയ്‌ മൂന്നുമുതൽ തുടരുന്ന മണിപ്പുരിലെ കലാപം  ഇതോടെ  കൂടുതൽ സങ്കീർണമായി. Read on deshabhimani.com

Related News