ബെല്ലാരിയിൽ റെഡ്ഡി പേടിയിൽ ബിജെപി ; ഖനി മാഫിയ തലവൻ ഗാലി ജനാർദന റെഡ്ഢിയുടെ 
 കെആർപിപി പാർടി 50 സീറ്റിൽ മത്സരിക്കും

image credit gali janardan reddy facebook


മംഗളൂരു കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബെല്ലാരി മേഖലയിൽ ബിജെപിക്ക് തലവേദനയായി കുപ്രസിദ്ധ ഖനി മാഫിയ തലവൻ ഗാലി ജനാർദന റെഡ്ഡിയുടെ കല്യാണ രാജ പ്രഗതി പക്ഷ (കെആർപിപി) പാർടി. രണ്ടരപ്പതിറ്റാണ്ടായുള്ള ബിജെപി ബാന്ധവം അവസാനിപ്പിച്ചാണ്‌ റെഡ്ഡി പുതിയ പാർടി പ്രഖ്യാപിച്ചത്‌. ഫുട്ബോൾ ചിഹ്നത്തിലുള്ള പാർടി 50 സീറ്റിൽ മത്സരിക്കും. കോപ്പാളിലെ ഗംഗാവതി മണ്ഡലത്തിൽ റെഡ്ഡിയാണ്‌ സ്ഥാനാർഥി. ബിജെപിയിൽ തുടരുന്ന സഹോദരൻ സോമശേഖർ റെഡ്ഡിക്കെതിരെ ബെല്ലാരി മണ്ഡലത്തിൽ ജനാർദന റെഡ്ഡിയുടെ ഭാര്യ അരുണ ലക്ഷ്മി മത്സരിക്കും. ബെല്ലാരി, ബീദർ, വിജയ നഗര, റായ്ച്ചൂർ കോപ്പാള തുടങ്ങി ബെല്ലാരി മേഖലയിലെ 15 ജില്ലയിൽ കെആർപിപി ബിജെപിക്ക് വെല്ലുവിളിയാകും. സോമശേഖര റെഡ്ഡിയും ജനാർദന റെഡ്ഡിയും ചേർന്ന ‘ബെല്ലാരി ബ്രദേഴ്‌സ്'‌ ബിജെപിയുടെ പ്രധാന സാമ്പത്തിക സ്രോതസായിരുന്നു. അനധികൃത ഖനന കേസിൽ ശിക്ഷിക്കപ്പെട്ട ജനാർദന റെഡ്ഡി 2018ൽ ബിജെപി സ്ഥാനാർഥി ബി ശ്രീരാമലു ഉൾപ്പെടെ പ്രമുഖരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു. 1999ൽ ബെല്ലാരിയിൽ  സോണിയ ഗാന്ധിയും സുഷമ സ്വരാജും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ ബിജെപി പ്രചാരണപ്രവർത്തനങ്ങൾ റെഡ്ഡിയെയാണ് ഏൽപ്പിച്ചത്. Read on deshabhimani.com

Related News