കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ചിന് തുടക്കം; ജന്ദര്‍മന്ദറില്‍ കര്‍ഷക പാര്‍ലമെന്റ്



ന്യൂഡല്‍ഹി > കോര്‍പറേറ്റ് അനുകൂല കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് ആരംഭിച്ചു. ജന്ദര്‍മന്ദറിലെ സമരവേദിയില്‍ നിന്നും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ പൊലീസ് അനുമതി നല്‍കിയില്ല. സിന്‍ഘു അതിര്‍ത്തിയില്‍ നിന്നും സമരവേദിയിലേക്ക് എത്തിയ കര്‍ഷകരെ പൊലീസ് പലവട്ടം തടഞ്ഞു. ഏറെ നേരത്തെ പ്രതിഷേധത്തിനുശേഷമാണ് ജന്ദര്‍മന്ദറിലേക്ക് എംപിമാരെയും മാധ്യമപ്രവര്‍ത്തകരെയും കടത്തിവിട്ടത്. വ്യാഴാഴ്ചമുതല്‍ സഭ ചേരുന്ന ദിവസങ്ങളിലെല്ലാം സംഘടിപ്പിക്കുമെന്നാണ് സംയുക്ത കിസാന്‍മോര്‍ച്ച പ്രഖ്യാപിച്ചിരിക്കുന്നത്. സിന്‍ഘു അതിര്‍ത്തിയില്‍നിന്ന് 200 വീതം കര്‍ഷകര്‍ എല്ലാദിവസവും പാര്‍ലമെന്റ് സ്ട്രീറ്റിലെ ജന്ദര്‍മന്ദറിലെത്തും. തുടര്‍ന്ന്, കര്‍ഷക പാര്‍ലമെന്റ് സംഘടിപ്പിക്കും- ഇന്ന് ചേര്‍ന്ന കര്‍ഷക പാര്‍ലമെന്റില്‍ കിസാന്‍സഭ നേതാവ് ഹനന്‍മൊള്ളയെ സ്പീക്കറായി തെരഞ്ഞെടുത്തു. വെള്ളിയാഴ്ച രാവിലെ മുതല്‍ കര്‍ഷക പാര്‍ലമെന്റ് വീണ്ടും ആരംഭിക്കും. കിസാന്‍മോര്‍ച്ചയുടെ ഒമ്പതംഗ ഏകോപന സമിതി ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ജന്ദര്‍മന്ദറിലെ സമരപരിപാടി തീരുമാനിച്ചത്. പാര്‍ലമെന്റിന് മുന്നിലേക്ക് മാര്‍ച്ച് അനുവദിക്കില്ലെന്നും പ്രതിഷേധക്കാരുടെ എണ്ണം കുറയ്ക്കണമമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. രണ്ടാവശ്യവും കര്‍ഷകസംഘടനകള്‍ നിരാകരിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തിയത്. ഓരോ കര്‍ഷകസംഘടനയില്‍നിന്നും അഞ്ചുപേര്‍ വീതമാകും മാര്‍ച്ചില്‍ പങ്കാളികളാകുക. എല്ലാവര്‍ക്കും ബാഡ്ജ് നല്‍കും. പേരുവിവരങ്ങള്‍ പൊലീസിന് മുന്‍കൂര്‍ നല്‍കും. രണ്ടുദിവസം വനിതാ കര്‍ഷകര്‍ മാത്രമാകും അണിനിരക്കുക. Read on deshabhimani.com

Related News