അതിജീവിതയോട് ബുദ്ധിമുട്ടേറിയ ചോദ്യം വേണ്ട ; വിചാരണ മാന്യമായിട്ടാകണം: സുപ്രീംകോടതി



ന്യൂഡൽഹി> ലൈംഗീക പീഡന കേസുകളിലെ വിചാരണ അതിജീവിതയ്ക്ക് ഉപദ്രവകമാകരുതെന്ന് സുപ്രീം കോടതി. ക്രോസ് വിസ്താരം കഴിവതും ഒറ്റ സിറ്റിങ്ങില്‍ പൂര്‍ത്തിയാക്കണം. മാന്യമായിട്ടായിരിക്കണം വിചാരണ നടപടികള്‍ നടത്തേണ്ടതെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ് ,ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചു. പീഡനത്തിന്റെ ആഘാതത്തിലാണ് അതിജീവിതയെന്ന വസ്തുത വിചാരണ കോടതി കണക്കിലെടുക്കണം. രഹസ്യ വിചാരണയാണ് നടക്കുന്നതെന്ന് കോടതി ഉറപ്പ് വരുത്തണം. മൊഴി നല്‍കുമ്പോള്‍ പ്രതിയെ കാണാതെയിരിക്കാന്‍ വിചാരണക്കോടതി നടപടി സ്വീകരിക്കണം. ഇതിനായി ഒരു സ്‌ക്രീന്‍ വയ്ക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അതിന് സാധിക്കുന്നില്ലങ്കില്‍ അതിജീവിത മൊഴി നല്‍കുമ്പോള്‍ പ്രതിയോട് കോടതി മുറിക്ക് പുറത്ത് നില്‍ക്കാന്‍ നിര്‍ദേശിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.വിചാരണയ്ക്കിടെ പീഡനം സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കണം. ലജ്ജകരവും അനുചിതവുമായ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ വൈസ് ചാന്‍സലര്‍ക്കെതിരെ ലൈംഗീക പീഡന കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രീം കോടതി സുപ്രധാനമായ നിര്‍ദേശങ്ങള്‍ നല്‍കിയത്. പരാതി നല്‍കിയിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്. കേസ് എടുക്കാത്ത പോലീസ് നടപടി നിര്‍ഭാഗ്യകരമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പോലീസ് ഇടപെടാന്‍ വിസമ്മതിക്കുന്ന സന്ദര്‍ഭങ്ങളില്‍ കോടതികള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. Read on deshabhimani.com

Related News