പൊലീസ് ഔട്ട്‌പോസ്റ്റിനായി ഭൂമി പൂജ നടത്തി ജില്ലാ അധികാരികള്‍
ലക്നൗ > നവംബര്‍ 24ന് നടന്ന സംഭല്‍ സംഘര്‍ഷത്തിന് പിന്നാലെ മസ്ജിദിന് സമീപത്ത് പൊലീസ് ഔട്ട്‌പോസ്റ്റിനായി ഭൂമി പൂജ നടത്തി ജില്ലാ അധികാരികള്‍. ശനിയാഴ്ച മസ്ജിദിനു മുന്നിലെ മൈതാനം അളന്ന് തിട്ടപ്പെടുത്തിയതിനു ശേഷമായിരുന്നു ഭൂമി പൂജ. അയോധ്യയിലെ ബാബ്റി മസ്ജിദിനെതിരെ സംഘ്പരിവാര്‍ രാഷ്ട്രീയ ആക്കം കൂട്ടിയതിനു സമാനമായി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പുതിയ ഹിന്ദുത്വ പരീക്ഷണത്തിനുള്ള നീക്കമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. നവംബര്‍ 24ലെ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ആസൂത്രണം ചെയ്തതാണ് മസ്ജിദിന് സമീപമുള്ള ഔട്ട്‌പോസ്റ്റ്. സംഭല്‍ പൊലീസ് സ്‌റ്റേഷന്റെ കീഴിലായിരിക്കും മസ്ജിദ് പ്രവര്‍ത്തിക്കുക. ഭൂമി പൂജയും തറക്കല്ലിടല്‍ ചടങ്ങും എല്ലാ അനുഷ്ഠാനങ്ങളും പാലിച്ചാണ് നടത്തിയത്. ഷാഹി ജുമാ മസ്ജിദിന് സമീപമുള്ള പുതിയ പൊലീസ് ഔട്ട്‌പോസ്റ്റിന്റെ ഭൂമി പൂജ ചെയ്തിരുന്നു. ആവശ്യത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. പൊലീസ് സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ ഭരണകൂടം കണ്ടെത്തിയ ഭൂമി ഭാഗികമായി പ്രദേശവാസികളുടെയും ഭാഗികമായി വഖഫ് ബോര്‍ഡിന്റേതുമാണെന്നും ഉടമസ്ഥാവകാശം ഉറപ്പാക്കാതെ അവര്‍ക്ക് ഇവിടെ ഒരു ഘടനയും ഉയര്‍ത്താന്‍ കഴിയില്ലെന്ന് മസ്ജിദ് സെക്രട്ടറി സഫര്‍ അലി പറയുന്നു. കഴിഞ്ഞ ദിവസം യുപി സർക്കാരിനെ ഈ വിഷയത്തിൽ ഒവൈസിയും വിമർശിച്ചിരുന്നു Read on deshabhimani.com