ഗോവ സൺബേൺ ഫെസ്റ്റിവലിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
പനാജി > ഗോവയിൽ സൺബേൺ ഫെസ്റ്റിവലിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പടിഞ്ഞാറൻ ഡൽഹിയിലെ രോഹിണി നിവാസിയായ കരൺ കശ്യപ് (26) ആണ് മരിച്ചത്. നോർത്ത് ഗോവയിലെ ധർഗൽ വില്ലേജിൽ നടന്ന സൺബേൺ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റിവലിനിടെയായിരുന്നു സംഭവം. ശനിയാഴ്ച രാത്രി 9.45ഓടെയായിരുന്നു അപകടം. പരിപാടിക്കിടെ കശ്യപ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കശ്യപിനെ മപുസയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്മോർട്ടം നടത്തുമെന്നും പൊലീസ് പറഞ്ഞു. ഗോവയിൽ വ്യാപകമായി സഞ്ചാരികളെത്തുന്ന ആഘോഷമാണ് സൺബേൺ ഫെസ്റ്റിവൽ. ഫെസ്റ്റിവലിന്റെ നടത്തിപ്പിനെപ്പറ്റി വിശദമായി അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. Read on deshabhimani.com