ദളിത് യുവാവിന്റെ നഖം പിഴുതെടുത്തു, നായകളെക്കൊണ്ട്‌ കടിപ്പിച്ചു കൊന്നു ; കൊടുംക്രൂരത യുപിയിൽ



കാൺപുർ ഉത്തർപ്രദേശിൽ കുറഞ്ഞ വേതനം മൂലം ജോലി ഉപേക്ഷിച്ച ദളിത്‌ യുവാവിനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. കാൺപുരിലെ പ്രതിഷ്‌ഠ്‌ ഗസ്റ്റ്‌ ഹൗസിലെ മുൻ ജീവനക്കാരൻ ബിട്ടുവാണ്‌ കൊല്ലപ്പെട്ടത്‌. ഇയാളുടെ കാൽവിരലിലെ നഖങ്ങൾ പിഴുതെടുക്കുകയും നായകളെക്കൊണ്ട്‌ കടിപ്പിക്കുകയും ചെയ്‌തെന്ന്‌ ബന്ധുക്കൾ പരാതിയിൽ പറഞ്ഞു. തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഗസ്റ്റ്‌ഹൗസ്‌ ഉടമയുടെ മകൻ ബിട്ടുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, ബിട്ടു അടുത്തുള്ള ആശുപത്രിയിൽ ജോലിക്ക്‌ കയറി. ഇതിൽ പ്രകോപിതരായാണ്‌ ഗസ്റ്റ്‌ഹൗസ്‌ മാനേജരുടെ നേതൃത്വത്തിൽ ഇയാളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച്‌ കൊലപ്പെടുത്തിയതെന്ന്‌ ദൃക്‌സാക്ഷികളും ബന്ധുക്കളും പറഞ്ഞു. ക്രൂരപീഡനമേറ്റ്‌ അവശനായ ബിട്ടുവിനെ രാത്രിയിൽ അദ്ദേഹത്തിന്റെ വീടിന്‌ സമീപം ഉപേക്ഷിച്ച് അക്രമികൾ രക്ഷപ്പെട്ടു. ബന്ധുക്കൾ കാൺപുരിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബന്ധുക്കളുടെ പരാതിയിൽ പ്രധാന പ്രതിയടക്കം നാലുപേരെ അറസ്റ്റ്‌ ചെയ്‌തെന്ന്‌ പൊലീസ്‌ അറിയിച്ചു. Read on deshabhimani.com

Related News