പ്രവർത്തകസമിതി സമാപിച്ചു ; തെരഞ്ഞെടുപ്പിന് സജ്ജമെന്ന്‌ കോണ്‍​ഗ്രസ്

image credit inc facebook


ന്യൂഡൽഹി ഏപ്രിൽ–- മെയ്‌ മാസങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സംഘടനാ സംവിധാനം ശക്തിപ്പെടുത്തുമെന്ന്‌ കോൺഗ്രസ്‌ പ്രവർത്തകസമിതി യോഗം. രാജസ്ഥാൻ, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ മികച്ച വിജയം നേടുമെന്നും ഹൈദരാബാദിൽ ചേർന്ന വിപുലീകൃത പ്രവർത്തകസമിതി യോഗം പ്രമേയത്തിൽ അവകാശപ്പെട്ടു. കോൺഗ്രസ്‌ പൂർണമായും സജ്ജമായി. രാജ്യത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന ആത്മവിശ്വാസം കോൺഗ്രസിനുണ്ടെന്നും- പ്രമേയത്തിൽ പറയുന്നു. രണ്ടുദിവസത്തെ പ്രവർത്തകസമിതി യോഗം റാലിയോടെ സമാപിച്ചു.  പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നതിനെ യോഗം നിശിതമായി വിമർശിച്ചിരുന്നു. മല്ലികാർജുൻ ഖാർഗെ പുനഃസംഘടിപ്പിച്ച പ്രവർത്തകസമിതിയുടെ ആദ്യ യോഗമാണ്‌ ഹൈദരാബാദിൽ ചേർന്നത്‌. ജനറൽ സെക്രട്ടറിമാരുടെയും മറ്റും ചുമതല യോഗത്തിൽ തീരുമാനിക്കുമെന്ന്‌ സൂചനകൾ ഉണ്ടായിരുന്നെങ്കിലും അത്തരം സംഘടനാ വിഷയങ്ങളിലേക്ക്‌ കടന്നില്ല. പുതിയ ട്രഷററുടെ കാര്യത്തിലും തീരുമാനമായില്ല. സ്‌ത്രീകൾക്ക്‌ മാസം 2500 രൂപ വീതം നൽകുന്ന ‘മഹാലക്ഷ്‌മി’ പദ്ധതി അടക്കം തെലങ്കാനയിലെ ജനങ്ങൾക്കായ ആറ്‌ ഉറപ്പുകൾ റാലിയിൽ സോണിയ ഗാന്ധി പ്രഖ്യാപിച്ചു. അഞ്ഞൂറ്‌ രൂപയ്‌ക്ക്‌ പാചകവാതക സിലിണ്ടർ, സർക്കാർ ബസുകളിൽ സ്‌ത്രീകൾക്ക്‌ സൗജന്യയാത്ര എന്നിവയും ഉറപ്പുകളിൽ ഉൾപ്പെടുന്നു. Read on deshabhimani.com

Related News