ഛത്തീസ്‌ഗഢിലും കോൺഗ്രസ്‌ പിളര്‍പ്പിലേക്ക്‌ ; മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗേലും ആരോഗ്യമന്ത്രി ടി എസ്‌ സിങ്‌ ദേവും നേർക്കുനേർ



ന്യൂഡൽഹി പഞ്ചാബിനും രാജസ്ഥാനുമൊപ്പം ഛത്തീസ്‌ഗഢ്‌ കോൺഗ്രസിലെ തമ്മിലടിയും ഹൈക്കമാൻഡിന്‌ തലവേദന. മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗേലും ആരോഗ്യമന്ത്രി ടി എസ്‌ സിങ്‌ ദേവുമാണ്‌ നേർക്കുനേർ. മുഖ്യമന്ത്രിയെ മാറ്റണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. ഈ മാസം അവസാനം രാഹുല്‍ ഛത്തീസ്‌ഗഢിലെത്തും. രണ്ടര വർഷം കഴിഞ്ഞാൽ മുഖ്യമന്ത്രിപദം നൽകാമെന്ന ധാരണയുണ്ടെന്ന്‌ സിങ് ദേവ്‌ അവകാശപ്പെടുന്നു. 2018 ഡിസംബറിലാണ്‌ 90ൽ 68 സീറ്റ്‌ നേടി കോൺഗ്രസ്‌ അധികാരമേറ്റത്. അപ്പോള്‍  കോൺഗ്രസ്‌ അധ്യക്ഷനായിരുന്ന രാഹുലിന് ധാരണയെക്കുറിച്ച് അറിയാമെന്ന് ദേവ്‌ പക്ഷം വാദിക്കുന്നു.  ജൂൺ 16ന്‌ ബാഗേൽ ഒഴിയേണ്ടതായിരുന്നു. പഞ്ചാബിൽ അമരീന്ദറിനെ തെറിപ്പിച്ചതിനു പിന്നാലെ സിങ്‌ ദേവ്‌ ഡൽഹിയിൽ എത്തി. മറ്റൊരു പ്രമുഖ നേതാവായ ആഭ്യന്തരമന്ത്രി താമ്രധ്വജ്‌ സാഹുവും ഡൽഹിയിൽ കേന്ദ്ര നേതാക്കളെ കണ്ടു. രാജിക്കുപോലും തയ്യാറായി 36 എംഎൽഎമാർ ഒപ്പമുണ്ടെന്ന്  ബാഗേൽ പക്ഷം അവകാശപ്പെടുന്നു. എംഎൽഎമാരുടെ മനസ്സറിഞ്ഞ്‌ നീങ്ങാനാണ്  ഹൈക്കമാന്‍ഡ് നീക്കം. മുതിർന്ന നേതാവായ സിങ്‌ ദേവിനെ മുന്നിൽ നിർത്തിയാണ്‌ കോൺഗ്രസ്‌ വൻവിജയം നേടിയത്‌. ഒബിസിനേതാവായ ബാഗേലിനെ അവഗണിക്കാനാകില്ല. നിലവിൽ കൂടുതൽ എംഎൽഎമാർ ബാഗേലിനൊപ്പം. ബിജെപിയാകട്ടെ കോൺഗ്രസിൽ  പിളര്‍പ്പുണ്ടാകാന്‍ കാത്തിരിക്കുന്നു. Read on deshabhimani.com

Related News