ഇന്നും സ്‌ഥാനാർത്ഥി പട്ടികയില്ല; പ്രഖ്യാപനം വീണ്ടും നീട്ടി ബിജെപി



ന്യൂഡൽഹി> ബിജെപി സ്‌ഥാനാർത്ഥി പട്ടിക  ഇന്നും പ്രഖ്യാപിക്കാതെ നീട്ടിവെച്ചു.  ചൊവ്വാഴ്‌ച രാത്രി അംഗീകാരമായി എന്നു പറയുന്ന പട്ടിക പ്രഖ്യാപിക്കാനാണ്‌ ബിജെപി വിഷമിക്കുന്നത്‌. ബുധനാഴ്‌ച പ്രഖ്യാപിക്കുമെന്ന്‌ പറഞ്ഞിരുന്നുവെങ്കിലും ഘടകകക്ഷികളുമായുള്ള സീറ്റ്‌ പങ്കിടൽ മാത്രമാണ്‌ അറിയിച്ചത്‌. വ്യാഴാഴ്‌ച  പ്രഖ്യാപിക്കുമെന്ന്‌ അറിയിച്ചതും ഇപ്പോൾ മാറ്റിയിരിക്കയാണ്‌. ഇന്ന്‌ ഹോളി ആയതിനാൽ സ്‌ഥാനാർത്ഥി പ്രഖ്യാപനമില്ലെന്നാണ്‌ ബിജെപി നേതൃത്വം അറിയിച്ചത്‌. സീറ്റിന്‌ വേണ്ടിയുള്ള വടംവലിയാണ്‌ സ്‌ഥാനർത്ഥി പ്രഖ്യാപനം വൈകിക്കുന്നത്‌. തിരുവനന്തപുരം ഒഴിച്ച് ബാക്കി 19 സീറ്റുകളിലും സ്ഥാനാര്‍ഥികളാരാണെന്ന് ധാരണയായത് തന്നെ ഇന്നലെയാണ്. സംസ്‌ഥാന അധ്യക്ഷൻ പി എസ്‌ ശ്രീധരൻപിള്ളക്കും മുതിർന്ന നേതാക്കളായ എം ടി രമേശിനും പി കെ കൃഷ്‌ണദാസിനും സീറ്റ്‌ ലഭിച്ചിട്ടില്ല. വടംവലിക്കിടയിൽ പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ മൽസരിക്കാൻ ധാരണയായതായി പറയുന്നു. കുമ്മനം രാജശേഖരനാകും തിരുവനന്തപുരത്തെ സ്‌ഥാനാർത്ഥി. ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രനും കൊല്ലത്ത്‌ ടോം വടക്കനും സ്‌ഥാനാർത്ഥികളായേക്കും . എറണാകുളത്ത്‌ അൽഫോൺസ്‌ കണ്ണന്താനത്തെ പരീക്ഷിക്കനാണ്‌ തീരുമാനം. രണ്ടാഴ്ചയിലേറെ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളെക്കുറിച്ച് ദേശീയ നേതൃത്വം ധാരണയിലെത്തിയത്. കേരളാ കോൺഗ്രസ് നേതാവ് പി സി തോമസിന് കോട്ടയം സീറ്റ് നൽകി. വയനാട്, ആലത്തൂർ, തൃശ്ശൂർ, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക. Read on deshabhimani.com

Related News