ശൈശവ വിവാഹം; അസമിൽ മൂന്ന് ദിവസത്തിനിടെ അറസ്‌റ്റിലായത് 2273 പേർ
ഗുവാഹത്തി > അസമിൽ മൂന്ന് ദിവസംകൊണ്ട് രജിസ്‌റ്റർ ചെയ്‌തത് 4,074 ശൈശവ വിവാഹ കേസുകള്‍. 2273 പേർ അറസ്‌റ്റിലായി. തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് നടപടികള്‍ തുടരുകയാണ്. 14 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്കെതിരെ കേസെടുക്കാനുള്ള അസം മന്ത്രിസഭയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്. 14നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവരെ ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരം വിചാരണ ചെയ്യുമെന്ന് അസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. 14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്ക് ജാമ്യമില്ലാ വകുപ്പുകളും 14നും 16നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചിരുന്നു. 8,000 പ്രതികളുടെ പട്ടിക തങ്ങളുടെ പക്കലുണ്ടെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു. മതസ്ഥാപനങ്ങളില്‍ ഇത്തരം വിവാഹ ചടങ്ങുകള്‍ നടത്തിയ 51 പുരോഹിതന്മാരെയും കാസിമാരെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അറസ്‌റ്റിനെ തുടർന്ന് പലയിടത്തും പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്‌തു. Read on deshabhimani.com