എഐഎഡിഎംകെ സഖ്യംവിട്ടത്‌ ബിജെപിക്ക്‌ കനത്ത ആഘാതം



ന്യൂഡൽഹി ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മാസങ്ങൾമാത്രം ശേഷിക്കെ പ്രധാന ഘടകകക്ഷികളിലൊന്നായ എഐഎഡിഎംകെ എൻഡിഎ സഖ്യം വിട്ടത്‌ ബിജെപിക്ക്‌ ദേശീയതലത്തിൽ കനത്ത തിരിച്ചടി. കർണാടകയിൽ ജെഎസിനെ ഒപ്പംകൂട്ടാനായത്‌ ആഘോഷിച്ചുതുടങ്ങിയ ഘട്ടത്തിൽ തന്നെ ഉണ്ടായ തിരിച്ചടി ബിജെപി ക്യാമ്പിലെ ആഹ്ലാദം തല്ലികെടുത്തി. തമിഴ്‌നാട്ടിൽ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റസീറ്റും ബിജെപിക്ക്‌ ലഭിക്കില്ലെന്നും  ഉറപ്പായി. 2019ലെ തെരഞ്ഞെടുപ്പിൽ മുന്നൂറിലേറെ സീറ്റുനേടി അധികാരം പിടിച്ചതോടെ എൻഡിഎയിലെ ഘടകകക്ഷികളെ ബിജെപി അവഗണിച്ചു തുടങ്ങി. ശിവസേന, ജെഡിയു, അകാലിദൾ തുടങ്ങിയ ഘടകകക്ഷികൾ എൻഡിഎ വിട്ടു. എന്നാൽ, ദേശീയതലത്തിൽ പ്രതിപക്ഷ പാർടികളുടെ ‘ഇന്ത്യ’ കൂട്ടായ്‌മ രൂപപ്പെട്ടതോടെ ബിജെപി ആശങ്കയിലായി. ഇതോടെ എൻഡിഎയെ വീണ്ടും പൊടിതട്ടിയെടുക്കാൻ ശ്രമമാരംഭിച്ചു. ജൂലൈയിൽ ഡൽഹിയിൽ വിളിച്ച എൻഡിഎ യോഗത്തിലേക്ക്‌ നിരവധി ചെറുകക്ഷികളെ എത്തിച്ചു. ആകെ 38 പാർടികളാണ്‌ പങ്കെടുത്തത്‌. പാർടികളുടെ എണ്ണം കൊണ്ട്‌ എൻഡിഎയാണ്‌ വലുതെന്ന പ്രചാരണവും ബിജെപി നേതാക്കൾ നടത്തി. ബിജെപി കഴിഞ്ഞാൽ പേരിനെങ്കിലും കരുത്തുള്ള പാർടി മഹാരാഷ്ട്രയിലെ ഏക്‌നാഥ്‌ ഷിൻഡെയുടെ ശിവസേനയാണ്‌. Read on deshabhimani.com

Related News