രണ്ടുവർഷംമുമ്പ്‌ കാണാതായ യുവാവിനെ ഗോവയിൽ കൊലപ്പെടുത്തി

കൊല്ലപ്പെട്ട ജെഫ് ജോൺ ലൂയിസ്


കൊച്ചി > രണ്ടുവർഷംമുമ്പ് കാണാതായ തേവര പെരുമാനൂർ സ്വദേശിയായ യുവാവിനെ ഗോവയിൽവച്ച്‌ സുഹൃത്തുക്കൾ കൊന്നതായി കണ്ടെത്തി. 2021 നവംബറിൽ കാണാതായ ചെറുപുന്നത്തിൽവീട്ടിൽ ജെഫ് ജോൺ ലൂയിസിനെയാണ്‌ (27) സുഹൃത്തുക്കൾ കൊന്ന് വിജനമായ സ്ഥലത്ത്‌ തള്ളിയെന്ന്‌ എറണാകുളം സൗത്ത്‌ പൊലീസ് കണ്ടെത്തിയത്‌. ലഹരിക്കടത്ത്, സാമ്പത്തിക തർക്കം എന്നിവ കൊലപാതകത്തിൽ കലാശിച്ചതായാണ്‌ പ്രാഥമിക നിഗമനമെന്ന്‌ കൊച്ചി സിറ്റി പൊലീസ്‌ കമീഷണർ എ അക്‌ബർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസിൽ മൂന്നുപേരെ അറസ്റ്റ്‌ ചെയ്തു. കാപ്പ കേസ് പ്രതി കോട്ടയം വെള്ളൂർ പെരുന്തിട്ട കല്ലുവേലിൽവീട്ടിൽ അനിൽ ചാക്കോ (28), അച്ഛന്റെ സഹോദരന്റെ മകൻ സ്റ്റെഫിൻ തോമസ് (24), വയനാട് വൈത്തിരി പാരാലിക്കുന്നുവീട്ടിൽ ടി വി വിഷ്ണു (25) എന്നിവരെയാണ് സൗത്ത്‌ പൊലീസ് അറസ്റ്റ്‌ ചെയ്തത്. അനിൽ രണ്ട്‌ അടിപിടിക്കേസിലും ഒരു മയക്കുമരുന്ന്‌ കേസിലും പ്രതിയാണ്‌. സ്റ്റെഫിനും രണ്ട്‌ അടിപിടിക്കേസിൽ പ്രതിയാണ്‌.  മൂന്നുപേരും കുറ്റം സമ്മതിച്ചു. ജെഫ് ജോൺ 2021 നവംബർ പകുതിയോടെയാണ്‌ വീടുവിട്ടിറങ്ങിയത്. നവംബറിൽത്തന്നെ ജെഫിനെ കൂട്ടുകാർ കൊന്നതായാണ്‌ പൊലീസ്‌ നിഗമനം. മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു. പ്രതികൾ മൊബൈൽഫോണും സിംകാർഡും മാറ്റിമാറ്റി കഴിയുകയായിരുന്നു. എംബിഎ പൂർത്തിയാക്കാത്ത ജെഫ് ലഹരിമരുന്നിന് അടിമയായിരുന്നു. തുടർന്നാണ്‌ അനിൽ ചാക്കോയും സ്‌റ്റെഫിനുമായി സൗഹൃദത്തിലായത്. ഇവർ ഗോവയിലടക്കം ഒന്നിച്ച് താമസിച്ചിട്ടുണ്ട്‌. ഗോവയിൽ പുതിയ സംരംഭം തുടങ്ങാനെന്നു പറഞ്ഞാണ്  ജെഫിനെ വിളിച്ചുവരുത്തിയത്. ഇതിനിടയിൽ ലഹരിയിടപാടിലെ സാമ്പത്തികത്തെച്ചൊല്ലി ജെഫും അനിലും തമ്മിൽ തെറ്റി. ജെഫിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചും ദേഹമാസകലം ക്രൂരമായി ആക്രമിച്ചും കൊന്ന്‌ മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പ്രതികളുടെ മൊഴി.   കൂടുതൽ വിവരങ്ങൾക്കായി കൊച്ചി സിറ്റി പൊലീസ്‌ ഗോവ പൊലീസുമായി ബന്ധപ്പെട്ടു. കൂടുതൽ അന്വേഷണത്തിനായി സൗത്ത് സ്‌റ്റേഷൻ ഇൻസ്പെക്ടർ എം എസ്‌ ഫൈസലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം ഞായറാഴ്‌ച ഗോവയ്‌ക്ക് തിരിക്കും. പ്രതികളെ റിമാൻഡ്‌ ചെയ്തു. ഡിസിപി എസ്‌ ശശിധരൻ, എസിപി പി രാജ്‌കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. നിർണായക മൊഴി വഴിത്തിരിവായി മറ്റൊരു കേസിലെ പ്രതിയുടെ മൊഴിയാണ്‌ കേസിൽ വഴിത്തിരിവായത്‌. കൊച്ചിയിൽനിന്നുള്ള യുവാവിനെ ഗോവയിൽ കൊണ്ടുപോയി കൊന്നെന്നാണ്‌ മറ്റൊരു കേസിലെ പ്രതി പറഞ്ഞത്‌. ആഗസ്തിലായിരുന്നു ഈ വിവരം ലഭിച്ചത്‌. അതോടെ ഇത്തരത്തിൽ ആളുകളെ കാണാതായ കേസുകളുടെ ഫയലുകൾ പൊലീസിനുമുന്നിലെത്തി. പല ഫയലുകളും പരിശോധിച്ച് ഒടുവിലാണ് ജെഫിലേക്ക് എത്തിയത്. ജെഫിന്റെ മൊബൈൽ ഫോൺ രേഖകളും യാത്രാവിവരങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്. ആദ്യം അനിലും പിന്നീട് സ്റ്റെഫിനും പിടിയിലായി. ഒടുവിൽ വിഷ്ണുവും. യാത്ര പോയാൽ ദിവസങ്ങൾ കഴിഞ്ഞേ ജെഫ് തിരികെയെത്താറുള്ളൂ. എന്നാൽ, ആഴ്ചകൾ കഴിഞ്ഞിട്ടും മകനെക്കുറിച്ച് ഒരുവിവരവും അറിയാതെ വന്നതോടെ അമ്മ ഗ്ലാഡിസ് സൗത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. ആഭിചാര കൊലപാതക കേസിനുശേഷം, കാണാതായവരെക്കുറിച്ച്‌ പൊലീസ്‌ വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. കൊലപാതകത്തിന്‌ ദൃക്‌സാക്ഷി? ഗോവയിൽ നടന്ന കൊലപാതകത്തിന്‌ ദൃക്‌സാക്ഷിയുണ്ടെന്ന്‌ സൂചന. ഇയാൾ മലയാളിയാണെന്നും സൂചനയുണ്ട്‌. കൂടുതൽ പ്രതികൾ കേസിലുണ്ടെന്നും സംശയിക്കുന്നു. ഗോവയിലെത്തി അന്വേഷണം നടത്തി മൃതദേഹം ഉപേക്ഷിച്ച സ്ഥലം കണ്ടെത്തുന്നതിനാണ്‌ അന്വേഷകസംഘം പ്രാധാന്യം നൽകുന്നത്‌. Read on deshabhimani.com

Related News