വാല്‍പ്പാറ കൊലപാതകം: പ്രതി സഫര്‍ഷായ്ക്ക് ഇരട്ട ജീവപര്യന്തം



കൊച്ചി> വാല്‍പ്പാറ കൊലപാതക കേസില്‍ പ്രതി സഫര്‍ഷായ്ക്ക് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചു.  പോക്‌സോ , കൊലപാതകം എന്നീ വകുപ്പുകളിലാണ് ശിക്ഷ.  2,50000 രൂപ പിഴയും നല്‍കണം. പ്ലസ്ടു വിദ്യാര്‍ഥിനിയെ വാല്‍പ്പാറയില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി  കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.  എറണാകുളം കലൂര്‍ സ്വദേശിയായ 17-കാരിയെ പ്രതി സഫര്‍ഷാ കൊലപ്പെടുത്തുകയായിരുന്നുവെന്ന് എറണാകുളം പോക്സോ കോടതി കണ്ടെത്തുകയായിരുന്നു. 2020 ജനുവരി ഏഴിനാണ് കൊച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ യുവാവ് കാറില്‍ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പെണ്‍കുട്ടി സൗഹൃദത്തില്‍നിന്ന് പിന്മാറിയതാണ് കൊലപാതകത്തിന് കാരണമായതെന്നായിരുന്നു പ്രതിയുടെ മൊഴി. സംഭവദിവസം ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ തന്ത്രപൂര്‍വം കാറില്‍കയറ്റിയ പ്രതി, അതിരപ്പിള്ളി മലക്കപ്പാറ ഭാഗത്തേക്കാണ് കൊണ്ടുപോയത്. തുടര്‍ന്ന് കാറിനുള്ളില്‍വെച്ച് പ്രതി പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം മലക്കപ്പാറയിലെ കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിച്ച് വാല്‍പ്പാറ വഴി കടന്നുകളഞ്ഞു. കൃത്യം നടത്തിയശേഷം പൊള്ളാച്ചി വഴി കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്രതിയെ സംഭവദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യംചെയ്തതിന് പിന്നാലെ മലക്കപ്പാറയിലെ കാപ്പിത്തോട്ടത്തില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. .   Read on deshabhimani.com

Related News