വർധിതാവേശത്തിൽ എൽഡിഎഫ് ; മനക്കോട്ട തകർന്ന് യുഡിഎഫ് ; പ്രചാരണാവേശത്തിൽ തൃക്കാക്കര
വ്യക്തിഹത്യയും തിരിച്ചടിയാകും തിരുവനന്തപുരം വിധിയെഴുത്തിന് മൂന്നുനാൾമാത്രം ശേഷിക്കേ മുമ്പൊരിക്കലുമില്ലാത്ത പ്രചാരണാവേശത്തിലാണ് തൃക്കാക്കര. പ്രചാരണം ഉച്ഛസ്ഥായിലെത്തുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തോടെ എൽഡിഎഫും ‘പൊന്നാപുരം കോട്ട’ തകർന്നടിയുമോയെന്ന ഭീതിയിൽ യുഡിഎഫും മുഖാമുഖം നിൽക്കുകയാണ്. ഇനിയുള്ള നാല് വർഷം സർക്കാർ പ്രതിനിധി വേണോയെന്ന ചോദ്യത്തോട് വോട്ടർമാർ കൂടുതൽ അടുക്കുന്നതാണ് അവസാന ലാപ്പിലെ ചിത്രം. സ്ഥാനാർഥിയുടെ മികവിലും എൽഡിഎഫിന്റെ ചിട്ടയായ പ്രവർത്തനത്തിലും തൃക്കാക്കര ഇളകിയെന്ന് യുഡിഎഫ് കേന്ദ്രങ്ങൾതന്നെ വിലയിരുത്തുന്നു. അടിയൊഴുക്ക് അത്രയും ശക്തം. മുമ്പ് എൽഡിഎഫിനോട് വിമുഖത പ്രകടമാക്കിയ വിഭാഗങ്ങൾപോലും ഇന്ന് മുന്നണിയോട് അടുക്കുന്നു. തൃക്കാക്കരയിൽ വികസനവും രാഷ്‌ട്രീയവും മുഖ്യചർച്ചയാകുമെന്ന വിലയിരുത്തൽ എൽഡിഎഫ് തെറ്റിച്ചില്ല. തെരഞ്ഞെടുപ്പ് യോഗങ്ങളിൽ യുഡിഎഫിനെയും ബിജെപിയെയും മൂർച്ചയോടെ നേരിട്ട മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ഭാവി വികസന സങ്കൽപ്പം വരച്ചിട്ടു. എന്നാൽ, കോൺഗ്രസ് നേതാക്കൾ വ്യക്തിഹത്യയിലും അപവാദ പ്രചാരണത്തിലുമാണ് അഭിരമിച്ചത്. മുഖ്യമന്ത്രിയെ അവഹേളിച്ച് കെ സുധാകരൻ തുടങ്ങിയ വ്യക്തിഹത്യ എല്ലാ പരിധിയും വിട്ട് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീലദൃശ്യം പ്രചരിപ്പിക്കുന്നതുവരെയെത്തി. ഇതെല്ലാം യുഡിഎഫിനെ തിരിഞ്ഞുകൊത്തുകയാണ്. മറ്റുഘടകങ്ങൾക്ക് പുറമേ പരമ്പരാഗതമായി ഒപ്പംനിന്ന വിഭാഗങ്ങളും അകന്നത് യുഡിഎഫിന്റെ ഉറക്കം കെടുത്തുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ശരീരഭാഷയിൽനിന്നുതന്നെ ചങ്കിടിപ്പ് വ്യക്തം. സതീശൻ–- സുധാകരൻ നേതൃത്വത്തിനെതിരെ രമേശ് ചെന്നിത്തല–- ഉമ്മൻചാണ്ടി സഖ്യം ഇപ്പോഴും അസ്വാരസ്യത്തിലാണ്. സതീശന്റെ ഹുങ്കിന് ഷോക്ക് നൽകാൻ തൃക്കാക്കര അവസരമായി കരുതുന്ന നേതാക്കളും ഏറെയുണ്ട്. പ്രചാരണരംഗത്തെ പലരുടെയും അഴകൊഴമ്പൻ മട്ട് ഇതിന് തെളിവാണ്. എൻ കെ പ്രേമചന്ദ്രൻ അല്ലാതെ മറ്റ് ഘടകകക്ഷി നേതാക്കളൊന്നും തൃക്കാക്കരയിൽ തമ്പടിക്കുന്നില്ലെന്നതും ശ്രദ്ധേയം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വട്ടിയൂർക്കാവ്, കോന്നി, പാലാ മണ്ഡലങ്ങൾ യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. ആ പന്ഥാവിലേക്കാണ് തൃക്കാക്കരയും മുന്നേറുന്നത്. അട്ടിമറി വിജയം നേടുമെന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ വാക്കുകൾ അന്വർഥമാക്കാനുള്ള ഒരുക്കത്തിലാണ് തൃക്കാക്കര. Read on deshabhimani.com