ഡോക്‌ടർ എംഎല്‍എയാകണം; ഡോ. ജോ ജോസഫിന് വന്‍ സ്വീകരണം
കൊച്ചി> പോണേക്കര കളത്തിപ്പറമ്പിൽവീട്ടിൽ കെ ആർ മൈക്കിളും ഭാര്യ മേരി ജാനെറ്റും പറഞ്ഞത് ഒരേ വാക്കുകളാണ്–- ഞങ്ങളുടെ ഡോക്‌ടർ എംഎൽഎയാകണം. ഇരുവരുടെയും സഹോദരൻമാരുടെ ഹൃദയം കാത്തുരക്ഷിച്ച ഡോ. ജോ ജോസഫിന്റെ കൈകളിൽ പിടിച്ച് അവർ ആശംസ നേർന്നു. തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെ ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ കണ്ടുമുട്ടിയപ്പോഴാണ് ഇരുവരും മനസ്സ് തുറന്നത്. മൈക്കിളിന്റെ സഹോദരൻ ജോർജിന്റെയും മേരിയുടെ സഹോദരൻ ജെറാൾഡിന്റെയും ബൈപാസ് ശസ്‌ത്രക്രിയകൾ ഡോ. ജോ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു. ജോർജിന്റെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധപുലർത്തണമെന്ന് ഡോക്ടർ മൈക്കിളിന് സ്‌നേഹോപദേശവും നൽകി. ചെമ്പുമുക്ക് പള്ളി സന്ദർശിച്ചായിരുന്നു ഡോ. ജോ ഞായറാഴ്‌ച പര്യടനം ആരംഭിച്ചത്. തുടർന്ന് ഇടപ്പള്ളി പള്ളിയിലും പോണേ പള്ളിയിലും സ്ഥാനാർഥിയെത്തി. തുടർന്ന് നടൻ ശങ്കറിന്റെ അമ്മ സുലോചനാപണിക്കർക്ക് അന്ത്യാഞ്‌ജലി അർപ്പിക്കാൻ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനുസമീപത്തെ ഫ്ലാറ്റിലെത്തി. അന്തരിച്ച മുൻ അഡ്വക്കറ്റ് ജനറൽ സി പി സുധാകരപ്രസാദിന്റെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ആലിൻചുവട് എസ്‌എൻഡിപി ഹാളിൽ വിഷ്‌ണുവിന്റെയും ലക്ഷ്‌മിയുടെയും വിവാഹച്ചടങ്ങിലും പങ്കാളിയായി. വാഴക്കാലയിലും എൻജിഒ ക്വാർട്ടേഴ്‌സ് ജങ്‌ഷനിലും വീടുകളിലും സ്ഥാപനങ്ങളിലും വോട്ട് തേടിയെത്തി. പടമുകളിൽ ഐഎൻഎൽ തൃക്കാക്കര മണ്ഡലം കൺവൻഷനിലും പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ തെരഞ്ഞെടുപ്പുയോഗങ്ങളിൽ പങ്കെടുത്തു. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, പി എ മുഹമ്മദ് റിയാസ്, വീണാ ജോർജ്, ജി ആർ അനിൽ, സജി ചെറിയാൻ എന്നിവർ വിവിധയിടങ്ങളിൽ സ്ഥാനാർഥിക്കായി വോട്ട് അഭ്യർഥിച്ചു.സി ആർ നീലകണ്‌ഠനും സ്ഥാനാർഥിക്ക് വിജയാശംസകൾ നേർന്നു. Read on deshabhimani.com