നഗരസഭ കൈവിട്ടു; മുസ്ലിംലീഗ്‌ കൗൺസിലർ പരാതിയുമായി മന്ത്രിക്ക്‌ മുന്നിൽ

കാസർകോട്‌ നഗരസഭയിലെ ലീഗ്‌ കൗൺസിലർ മജീദ്‌ കൊല്ലമ്പാടിയുടെ പരാതി മന്ത്രി വി അബ്ദുറഹ്മാൻ കേൾക്കുന്നു


കാസർകോട്‌> നഗരസഭയുടെ കെടുകാര്യസ്ഥയ്‌ക്കെതിരെ പരാതിയുമായി മുസ്ലിംലീഗ്‌ കൗൺസിലർ മന്ത്രിക്ക്‌ മുന്നിലെത്തി. ലീഗ്‌ ഭരിക്കുന്ന  കാസർകോട്‌ നഗരസഭയിലെ 15–-ാം വാർഡ്‌ കൗൺസിലറും മുസ്ലിംലീഗ്‌ നേതാവുമായ മജീദ്‌ കൊല്ലമ്പാടിയാണ്‌ പരാതികളുടെ കെട്ടുമായി മന്ത്രി വി അബ്ദുറഹ്മാന്‌ മുന്നിലെത്തിയത്‌.   തനത്‌ വരുമാനത്തിന്റെ കുറവുലം നഗരസഭയുടെ പ്രവർത്തനങ്ങൾക്ക്‌ പ്രയാസം നേരിടുമ്പോഴും അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും ലൈസൻസില്ലാത്ത സ്ഥാപനങ്ങളുടെ ഉടമകളെക്കൊണ്ട്‌ ലൈസൻസ്‌ എടുപ്പിക്കണമെന്നും അല്ലാത്തപക്ഷം ഇവർക്കെതിരെ പിഴ ചുമത്തുകയും സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കാതിരിക്കുകയും ചെയ്യണമെന്നാണ്‌ മജീദിന്റെ ആവശ്യം. ഇക്കാര്യം പത്തുവർഷമായി കൗൺസിലറായ താൻ, എത്രയോ തവണ കൗൺസിൽ യോഗങ്ങളിൽ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ്‌ അദാലത്തിൽ പരാതിയുമായി മന്ത്രിക്ക്‌ മുന്നിലെത്തിയതെന്ന്‌ മജീദ്‌ കൊല്ലമ്പാടി പറഞ്ഞു. കൈയേറ്റക്കാരെയും അനധികൃത കച്ചവടക്കാരെയും സഹായിക്കുന്ന സമീപനമാണ്‌ നഗരസഭയിലുള്ളതെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും മജീദ്‌ മന്ത്രിയോട്‌ ആവശ്യപ്പെട്ടു.   പരാതി പരിശോധിച്ച മന്ത്രി നഗരസഭാ സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പരാതിയിൽ കഴമ്പുണ്ടെന്നും ഇതിൽ പറഞ്ഞ കാര്യങ്ങൾ ഗൗരവമുള്ളതായതിനാൽ അടിയന്തര നടപടി വേണമെന്നും നിർദേശിച്ചു. ലൈസൻസില്ലാത്ത 97 സ്ഥാപനങ്ങളെ കണ്ടെത്തിയെന്നും നോട്ടീസ്‌ നൽകി തുടർനടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. എത്രയുംപെട്ടെന്ന്‌ പരാതിയിൽ നടപടി സ്വീകരിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കണമെന്ന്‌ മന്ത്രി നിർദേശിച്ചു.     Read on deshabhimani.com

Related News