പെട്രോളിയം നികുതി : മോദി സർക്കാർ ഓരോ കുടുംബത്തിൽനിന്നും കൊള്ളയടിച്ചത് ലക്ഷം രൂപവീതം : ടി എം തോമസ് ഐസക്
തിരുവനന്തപുരം മോദി സർക്കാർ രാജ്യത്തെ ഓരോ കുടുംബത്തിൽനിന്നും ശരാശരി ഒരു ലക്ഷം രൂപ പെട്രോളിയം നികുതിയായി കൊള്ളയടിച്ചെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക്കിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്. മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്രനികുതി. പിന്നീട് 12 തവണകളിലായി പെട്രോളിന് 26.77 രൂപയും ഡീസലിന് 31.47 രൂപയും നികുതി വർധിപ്പിച്ചു. ഇതോടെ ഇന്ധന നികുതി കേന്ദ്ര സർക്കാരിന്റെ പ്രധാന വരുമാനമാർഗമായി. പെട്രോളിയം ഉൽപ്പന്നങ്ങളിൽനിന്നുള്ള നികുതി വരുമാനം 25 ലക്ഷം കോടിയോളം രൂപ വരും. ഇപ്പോൾ കേന്ദ്രം പെട്രോളിന് ലിറ്ററിന് എട്ടു രൂപയും ഡീസലിന് ആറു രൂപയും എക്സൈസ് നികുതി കുറച്ചത് ജനങ്ങൾക്ക് നൽകിയ വലിയ ഔദാര്യമായിട്ടാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ വിലക്കയറ്റത്തിന്റെ പ്രധാനപ്പെട്ട കാരണം നികുതി വർധനയാണ്. ഇപ്പോഴും കേന്ദ്ര സർക്കാർ വർധിപ്പിച്ച നികുതിയിൽ പെട്രോളിനുമേൽ 12.27 രൂപയും ഡീസലിനുമേൽ 10.47 രൂപയും പിൻവലിക്കാൻ ബാക്കിയാണ്. കേരളം ആറു വർഷത്തിനിടെ ഒരു തവണപോലും നികുതി വർധിപ്പിച്ചിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു. Read on deshabhimani.com