വ്യാജസന്ദേശത്തെത്തുടർന്ന് വിദ്യാർഥി ജീവനൊടുക്കി; പിന്നിൽ ഓൺലൈൻ ഹാക്കർ സംഘം



കോഴിക്കോട്‌ > സൈബർ ഭീഷണിയുടെ പേരിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ലാപ്‌ടോപ്പിൽ സിനിമ കണ്ടുകൊണ്ടിരിക്കെ സൈറ്റിൽ അനധികൃതമായി പ്രവേശിച്ചതിന്‌ 33,900 രൂപ പിഴ അടയ്‌ക്കണമെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ്‌ കോഴിക്കോട്‌ സാമൂതിരി ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്‌വൺ വിദ്യാർഥി ആദിനാഥ്‌ (16) കഴിഞ്ഞ ദിവസം ആത്മഹത്യചെയ്‌തത്‌. പൊലീസ്‌ അന്വേഷണത്തിൽ സന്ദേശം വ്യാജമാണെന്ന്‌ കണ്ടെത്തി. പരിശോധനയിൽ വിദ്യാർഥി ഗോൾഡ്‌ എന്ന സിനിമ അവസാനം കണ്ടതായാണ്‌ കാണിക്കുന്നത്‌. ക്വിനൈൻ (QNINE) എന്ന ഓൺലൈൻ സൈറ്റിൽനിന്നാണ്‌ സന്ദേശമെത്തിയത്‌. ഇതിന്റെ ഐപി വിലാസം പോളണ്ടിലാണ്‌ കാണിക്കുന്നത്‌. ഫോണും ലാപ്‌ടോപ്പും ഹാക്ക്‌ചെയ്‌ത്‌ പണം തട്ടുന്ന സംഘമാണ്‌ ഇതിനുപിന്നിലെന്ന്‌ പൊലീസ്‌ അറിയിച്ചു. ബുധനാഴ്‌ച വൈകിട്ടാണ്‌ വെള്ളിമാട്‌കുന്നിലെ വീട്ടിലെ ജനൽഭിത്തിയിൽ വിദ്യാർഥി തൂങ്ങിമരിച്ചത്‌. നാഷണൽ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോയോട്‌ സാമ്യമുള്ള സൈറ്റിൽനിന്നാണ്‌ ഹാക്കർ വിദ്യാർഥിയോട്‌ പണം ആവശ്യപ്പെട്ടത്‌. എൻസിആർബിയുടെ മുദ്ര സന്ദേശത്തിൽ ഉണ്ടായിരുന്നു. പണം ആവശ്യപ്പെട്ടുള്ള ശബ്ദ സന്ദേശവും ലഭിച്ചു. ഇതുകണ്ടാണ്‌ ആദിനാഥ്‌ ഭയന്നത്‌. പണം നൽകിയില്ലെങ്കിൽ പൊലീസിൽ വിവരമറിയിക്കുമെന്നും അറസ്‌റ്റ്‌ചെയ്യുമെന്നുമായിരുന്നു ഭീഷണി. ആറുമണിക്കൂറിനുള്ളിൽ പണമടയ്ക്കാനായിരുന്നു ഭീഷണി. തുടർന്നാണ്‌ കുട്ടി തൂങ്ങിമരിച്ചത്‌. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ വിദ്യ ബഹളംവച്ചതിനെ തുടർന്ന്‌ നാട്ടുകാർ വാതിൽ തകർത്ത്‌ അകത്ത്‌ പ്രവേശിച്ചപ്പോഴാണ്‌ തൂങ്ങിമരിച്ചതായി കണ്ടത്‌. ഇത്തരം വ്യാജ സന്ദേശങ്ങൾ കമ്പ്യൂട്ടറിലോ ലാപ്ടോപ്പിലോ വന്നാൽ അടുത്ത പൊലീസ് സ്റ്റേഷനിലോ സൈബർ പൊലീസിലോ വിവരം നൽകണമെന്ന് പൊലീസ് അറിയിച്ചു.   Read on deshabhimani.com

Related News