സോളാർ ‘ലൈവ്‌’ ആക്കാൻ സതീശൻ; തള്ളി ലീഗ്‌



തിരുവനന്തപുരം> സോളാർ ലൈംഗിക പീഡനക്കേസിലെ ഗൂഢാലോചന സിബിഐ തന്നെ അന്വേഷിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ വീണ്ടും  ആവശ്യപ്പെട്ടതിനു പിന്നിൽ വിഷയം കത്തിച്ചു നിർത്താനുള്ള ഗൂഢലക്ഷ്യം. എന്നാൽ തൊട്ടുപിന്നാലെ സതീശനെ തള്ളി മുസ്ലിം ലീഗ്‌ രംഗത്തെത്തി. സിബിഐ അന്വേഷണം വേണമെന്നതിൽ കോൺഗ്രസിലോ യുഡിഎഫിലോ ആശയക്കുഴപ്പമില്ലെന്ന്‌ സതീശൻ അവകാശപ്പെട്ടതിനു പിന്നാലെയാണ്‌  കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരെ എതിർപ്പറിയിച്ചത്‌. തുടരന്വേഷണം വേണ്ടെന്ന്‌ എ ഗ്രൂപ്പും ഉമ്മൻചാണ്ടിയുടെ കുടുംബവും നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. മനോരമയടക്കമുള്ള യുഡിഎഫ്‌പത്രങ്ങളും വിഷയത്തിൽനിന്ന്‌ പിൻമാറിയെങ്കിലും ഇക്കാര്യത്തിലുള്ള നേട്ടം മുന്നിൽ കണ്ടാണ്‌ സതീശന്റെ നീക്കം.  ഗൂഢാലോചന സംബന്ധിച്ച ചർച്ച എത്രകാലം നീണ്ടാലും അതിലെല്ലാം ബെന്നിബെഹ്‌നാനും, തമ്പാനൂർ രവിയുമടക്കമുള്ള എഗ്രൂപ്പു നേതാക്കൾക്ക്‌ പുറമെ കെ സി വേണുഗോപാൽ, രമേശ്‌ ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എന്നിവരുടെ പേരുകളും ഉൾപ്പെടും. രാഷ്‌ട്രീയമായി അത്‌  തനിക്ക്‌ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ്‌ സതീശന്റെ തന്ത്രങ്ങളെന്നാണ്‌ എ ഗ്രൂപ്പിന്റെയും വിലയിരുത്തൽ. സതീശന്റെ ഉന്നം വ്യക്തമായ തിരുവഞ്ചൂർ ഇനിയൊരു അന്വേഷണം നടത്തി അടിവേരുകൾ ചികയാനുള്ള നീക്കം ആവശ്യമില്ലെന്ന്‌ ശനിയാഴ്‌ച ചാനൽ അഭിമുഖത്തിൽ പറഞ്ഞു. സിബിഐയുടെ തുടരന്വേഷണം ആവശ്യപ്പെട്ട്‌ ആരെക്കൊണ്ടെങ്കിലും ഹൈക്കോടതിയിൽ ഹർജി കൊടുപ്പിക്കാനും സതീശൻ മടിക്കില്ലെന്ന്‌ എ ഗ്രൂപ്പ്‌നേതാവ്‌ പറഞ്ഞു. സംസ്ഥാന രാഷ്‌ട്രീയത്തിലേക്ക്‌ കടന്നുവരാൻ ശ്രമിച്ചാൽ കെ സി വേണുഗോപാലിനെയും തനിക്കെതിരായി തലപൊക്കിയാൽ രമേശ്‌ ചെന്നിത്തലയെയും വെട്ടാനുള്ള തുറുപ്പുചീട്ടാണ്‌ സതീശന്‌ ഗൂഢാലോചന തുടരന്വേഷണം. ഉമ്മൻചാണ്ടിയുടെ കുടുംബത്തെയും എ ഗ്രൂപ്പിനെയും മറികടന്നുള്ള ഈ നീക്കങ്ങൾക്കെതിരായ പൊട്ടിത്തെറി താമസിയാതെ പാർടിയിലുണ്ടാകുമെന്ന സൂചനയുമുണ്ട്‌. Read on deshabhimani.com

Related News