വള്ളം മറിഞ്ഞ്‌ 3 മത്സ്യത്തൊഴിലാളികളെ കാണാതായി



പൊന്നാനി>  മന്ദലാംകുന്നിനു സമീപം ഫൈബർ വള്ളം മറിഞ്ഞ്‌  മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. വള്ളത്തിന്റെ ഉടമ മുക്കാടി സ്വദേശി കുഞ്ഞുമരക്കാരിയാക്കാനകാത്ത് ബീരാൻ, ചന്തക്കാരന്റെ ഇബ്രാഹിം, തെക്കേക്കടവ് സ്വദേശി പുത്തൻപുരയിൽ മുഹമ്മദാലി എന്നിവരെയാണ്‌ കാണാതായത്‌. വള്ളത്തിലുണ്ടായിരുന്ന നാലുപേരിൽ ഒരാൾ  രക്ഷപ്പെട്ടു. പൊന്നാനി മുക്കാടി സ്വദേശി പറമ്പിൽ ഹംസക്കുട്ടി (55)യാണ് രക്ഷപ്പെട്ടത്. പൊന്നാനി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന്‌ പോയ റഫ്ഖാന വള്ളമാണ്‌ തിരയിൽപ്പെട്ട്‌ മറിഞ്ഞത്‌. വ്യാഴാഴ്‌ച പുലർച്ചെ മൂന്നോടെയായിരുന്നു അപകടം.അമിതമായി മീൻ കുടുങ്ങിയ വല മുറിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ ശക്തമായ തിരയിൽ വള്ളം മറിഞ്ഞ്‌ നാലുപേരും കടലിലേക്ക്‌ വീഴുകയായിരുന്നു. വ്യാഴാഴ്‌ച പകൽ രണ്ടോടെ പരപ്പനങ്ങാടി ഭാഗത്തുനിന്നാണ് തെർമോകോളിൽ തൂങ്ങിക്കിടന്ന ഹംസക്കുട്ടിയെ ‌   ബേപ്പൂരിലെ മത്സ്യതൊഴിലാളികൾ കാണുന്നത്‌.  ഉടനെ രക്ഷപ്പെടുത്തുകയും  കോസ്റ്റൽ പൊലീസിനെയും ഫിഷറീസിനെയും വിവരമറിയിക്കുകയായിരുന്നു.  ഹംസക്കുട്ടിയെ പൊന്നാനി താലൂക്കാശുപത്രിയിലും തുടർന്ന്  ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിലേക്കും മാറ്റി. തെരച്ചിൽ ഊർജിതം കാണാതായ മത്സ്യതൊഴിലാളികൾക്കായി കോസ്റ്റ് ഗാർഡും ഫിഷറീസും കോസ്റ്റൽ പൊലീസും നേവിയും ചേർന്ന്‌ തെരച്ചിൽ തുടരുകയാണ്‌. മത്സ്യതൊഴിലാളികൾ ബോട്ടുകളിലും ചെറുവള്ളങ്ങളിലുമായി പരിശോധന നടത്തുന്നുണ്ട്‌.  കോസ്റ്റ് ഗാർഡ് സെർച്ച് ലൈറ്റ് ഉപയോഗിച്ചാണ്‌ രാത്രി പരിശോധന. ഹെലികോപ്റ്ററും മറൈൻ ആംബുലൻസും തെരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്‌.  എംഎൽഎ പി നന്ദകുമാർ  ഹാർബറിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. Read on deshabhimani.com

Related News