അറിവിന്റെ ഗുണം എല്ലാവർക്കും ലഭിക്കണം: കെ എൻ ബാലഗോപാൽ
വർക്കല ശാസ്‌ത്ര– -സാങ്കേതിക മേഖലയെ ശ്രീനാരായണ ഗുരു എത്രത്തോളം ഗൗരവത്തോടെയാണ് കണ്ടിരുന്നത് എന്നതിന്റെ തെളിവാണ് ശിവഗിരി തീർഥാടനത്തിൽ ആ വിഷയം ചർച്ച ചെയ്യണമെന്ന അദ്ദേഹത്തിന്റെ നിർദേശമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ശിവഗിരിയിൽ ശാസ്‌ത്ര–- സാങ്കേതിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരിക്കലും നമ്മൾ സങ്കൽപ്പിക്കാത്ത രീതിയിലേക്ക് ശാസ്‌ത്ര–-സാങ്കേതിക മേഖല വളരുകയാണ്. കൃഷിപ്പണിയിലും വ്യവസായത്തിലും സേവനരംഗത്തുമുൾപ്പെടെ മനുഷ്യാധ്വാനമില്ലാതെ ജോലി ചെയ്യാനുള്ള വിദ്യ വികസിപ്പിച്ചിരിക്കുകയാണ്. അറിവാണ് ഇന്ന് പണം. ആ പണം സമൂഹത്തിനാകെ ലഭിക്കണം എന്നതാണ് ചർച്ചയാകേണ്ടത്. ഇന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങൾക്കും മാതൃകയാകുന്ന മുന്നേറ്റമാണ് കേരളത്തിലുള്ളത്. ശ്രീനാരായണ ഗുരു ഉൾപ്പെടെയുള്ളവർ നടത്തിയ സാമൂഹ്യ നവോത്ഥാന പോരാട്ടത്തിന്റെ പാത പിന്തുടർന്നാണ് കേരളത്തിൽ ശക്തമായ പുരോഗമന രാഷ്‌ട്രീയം രൂപപ്പെട്ടത്. വിദ്യകൊണ്ടുമാത്രം കാര്യമില്ലെന്നും എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നുമാണ് ഗുരു പറഞ്ഞത്. അറിവിന്റെ ഗുണം എല്ലാവർക്കും ലഭിക്കണമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com