സ്‌കൂള്‍ തുറക്കല്‍: ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തും- വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം> സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ ഗതാഗത മന്ത്രി ആന്റണി രാജുവുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളെ കൊണ്ടുപോകുന്ന വാഹനം കുറ്റമറ്റതാക്കുമെന്നും സ്‌കൂള്‍ ബസുകളുടെ സാഹചര്യം കൃത്യമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ തല യോഗങ്ങള്‍ ചേരും. പി ടി എയ്ക്ക് ഫണ്ട് കുറവുള്ള സ്ഥലത്ത് സഹായം ആവശ്യമാണെന്നും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സ്‌കൂള്‍ തുറന്നാലും വിക്ടേഴ്സ് ചാനലില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ക്ലാസ് തുടരുമെന്നും മന്ത്രി അറിയിച്ചു. അധ്യാപക - വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തും. എല്ലാ യോഗങ്ങളും അടുത്ത ആഴ്ചകൊണ്ട് തന്നെ പൂര്‍ത്തിയാക്കും. നിലവില്‍ തയ്യാറാക്കിയ മാനദണ്ഡത്തില്‍ എല്ലാവരും തൃപ്തരാണ്. ഈ വിഷയത്തില്‍ ആര്‍ക്കും ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, 1700 ല്‍ അധികം പ്രൈമറി സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരുടെ കുറവുണ്ട.് ഇത് ഹൈക്കോടതിയില്‍ കേസില്‍ നില്‍ക്കുന്ന ഒന്നാണെന്നും കേസിന്റെ വിധിക്കനുസരിച്ച് നിയമനം നടത്തുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. Read on deshabhimani.com