‘കരച്ചിലും വഴക്കുമൊക്കെ പണ്ട്‌, ഇപ്പോൾ കളിചിരിയാണ്‌ ട്രെൻഡ്‌’ ; അക്ഷരമുറ്റം കളറായി

തിരുവനന്തപുരം മലയിൻകീഴ് ഗവ. വിഎച്ച്എസ്എസിലെ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് 
വെള്ളം നൽകുന്ന അധ്യാപിക


തിരുവനന്തപുരം ‘കരച്ചിലും വഴക്കുമൊക്കെ പണ്ട്‌, ഇപ്പോൾ കളിചിരിയാണ്‌ ട്രെൻഡ്‌’ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിൽ കുരുന്നുകളുടെ ഭാവമിതാണ്‌. ആദ്യക്ഷരം നുകരാൻ അറിവിൻ മലർവാടിയിലെത്തിയ കുഞ്ഞു പൂമ്പാറ്റകളുടെയെല്ലാം മുഖത്ത്‌ സന്തോഷമായിരുന്നു. വർണക്കടലാസിലൊരുക്കിയ കിളികളുടെയും മുയലിന്റെയും മയിലിന്റെയുമൊക്കെ കിരീടമണിഞ്ഞ്‌ പുത്തൻ യൂണിഫോമുമിട്ടാണ്‌ എല്ലാവരുമെത്തിയത്‌. ബലൂണുകളും കളിക്കോപ്പുകളുമെല്ലാമായി പുതിയ ചങ്ങാതിമാരെ പരിചയപ്പെടുന്ന തിരക്കിനിടെയാണ്‌ മുഖ്യമന്ത്രി അപ്പൂപ്പൻ പുതിയ ബാഗും പഠനോപകരണങ്ങളുമായി വന്നത്‌. സമ്മാനമായി കിട്ടിയ ബാഗിലെ കാർട്ടൂൺ കഥാപാത്രങ്ങളുടെ വിശേഷം പറച്ചിലായി പിന്നെ. പുതിയ കൂട്ടുകാരുമായി മക്കൾ കൂട്ടുകൂടുന്നത്‌ മതാപിതാക്കൾ കൗതുകത്തോടെ കണ്ടുനിന്നു. പാട്ടും നൃത്തവും വാദ്യമേളങ്ങളുമെല്ലാമായി ചേട്ടന്മാരും ചേച്ചിമാരും വരവേറ്റപ്പോൾ ജനപ്രതിനിധികളും അധ്യാപകരും പിടിഎയും പ്രവേശനോത്സവത്തിൽ വേണ്ടതെല്ലാം ഒരുക്കി. പൊലീസിനൊപ്പം സ്‌കൂളിലെ കുട്ടിപ്പൊലീസും എൻഎസ്‌എസ്‌ വളന്റിയർമാരും തിരക്ക്‌ നിയന്ത്രിച്ചു. എൻസിസി കേഡറ്റുകൾ മുഖ്യമന്ത്രിയെ സല്യൂട്ട്‌ നൽകി സ്വീകരിച്ചു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയൻകീഴ്‌ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി.   മൂന്നരലക്ഷം 
പുതുമുഖങ്ങള്‍ കളിയും ചിരിയും ചിന്തയും നിറഞ്ഞ അറിവിന്റെ ലോകം കാണാൻ മൂന്നരലക്ഷത്തോളം കുരുന്നുകൾ സംസ്ഥാനത്തെ സ്കൂളുകളിലെത്തി. ആദ്യമായി സ്കൂളിലെത്തിയവ​രെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് അധ്യാപകരും മുതിർന്ന വിദ്യാർഥികളും ഒരുക്കിയത്. ഒന്നാം ക്ലാസിലേക്ക് മൂന്നര ലക്ഷത്തോളം കുരുന്നുകൾ എത്തിയെന്നാണ് അനൗദ്യോ​ഗിക കണക്കുകൾ. ആറാം പ്രവൃത്തിദിനത്തിലാണ്‌ കൃത്യമായ കണക്കെടുപ്പ്‌. 2022–-23 വർഷത്തെ കണക്കുപ്രകാരം ഒന്നാം ക്ലാസിൽ 3,03,168 കുട്ടികൾ എത്തിയിരുന്നു. ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ 38,32,395 കുട്ടികളും. ഈ വർഷം പൊതുവിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്താകെ 6849 എൽപി സ്‌കൂളുകളും 3009 യുപി സ്‌കൂളുകളും 3128 ഹൈസ്‌കൂളുകളും 2077 ഹയർസെക്കൻഡറി സ്‌കൂളുകളും 359 വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളുമാണ് ഉള്ളത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളുടെ ആകെ എണ്ണം 13,964 ആണ്. അൺ എയ്ഡഡ് കൂടി ചേർക്കുമ്പോൾ ഇത് 15,452 ആകും. ഇടമലക്കുടി ട്രൈബല്‍ സ്കൂളിന് 
യുപി വിഭാ​ഗം ഇടുക്കിയിലെ ഇടമലക്കുടി ആദിവാസി ഊരിലെ ഗവ. സ്കൂളിന് യുപി വിഭാ​ഗം അനുവദിച്ചു. നിലവിൽ‌ നാലാം ക്ലാസുവരെയാണ് അവിടെയുള്ളത്. ഈ അധ്യയന വർഷംമുതൽ സ്കൂളിൽ അഞ്ചാം ക്ലാസ് ആരംഭിക്കും. തുടർവർഷങ്ങളിൽ ​​ഹൈസ്കൂൾ വിഭാ​ഗവും ആരംഭിക്കും. Read on deshabhimani.com

Related News