ആർഎസ്എസ് അനുകൂലനിലപാട്: സ്ഥാനമൊഴിയാൻ തയ്യാറെന്ന് കെ സുധാകരൻ; രാഹുൽ ഗാന്ധിക്ക് കത്തയച്ചു
കണ്ണൂർ> ആർഎസ്എസ് അനൂകുല നിലപാട് സൃഷ്ടിച്ച പ്രതിസന്ധിയിൽ കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിയാൻ തയാറാണെന്ന് കെ സുധാകരൻ . ഇക്കാര്യം സൂചിപ്പിച്ച് രാഹുൽ ഗാന്ധിക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ട്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയതെന്ന് പറയുന്നു. കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും സുധാകരൻ കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. താൻ സ്ഥാനമൊഴിഞ്ഞാൽ പകരം ചെറുപ്പക്കാർക്ക് പദവി നൽകണമെന്ന് സുധാകരൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കത്ത് നൽകിയെന്ന വാർത്ത സുധാകരവിഭാഗം നിഷേധിച്ചു.കെ സുധാകരന്റെ ആര്‍എസ്എസ് അനൂകൂല പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. ഖേദ പ്രകടനം കൊണ്ട് മാത്രം പ്രശ്‌നം തീരില്ലെന്ന് കെ.മുരളീധരന്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സുധാകരനെ ന്യായീകരിക്കാതെ കയ്യൊഴിഞ്ഞു സുധാകരന്റെ അതിരുവിട്ട ആര്‍എസ്എസ് അനുകൂല നിലപാടുകളില്‍ വലിയ പ്രതിസന്ധിയിലേക്കാണ് കോണ്‍ഗ്രസ് നീങ്ങുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു ആര്‍എസ്എസ്സുമായി സന്ധി ചെയ്തുവെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവന നാക്കുപിഴയെന്ന് ന്യായീകരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.നാക്ക് പിഴയാണ് പറ്റിയത്. സുധാകരന്‍ ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തനിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ല. ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകില്ല എന്ന് സുധാകരന്‍ ഉറപ്പ് നല്‍കിയതായും താരിഖ് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആർഎസ്എസ് അനുകൂല പരാമർശത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ന്യായീകരിച്ച് രമേശ് ചെന്നിത്തലയും രംഗത്തുണ്ട്. സുധാകരന്റെത് നാക്കുപിഴയാണ്. ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ ഒരു വാചകത്തിലുണ്ടായ നാക്കുപിഴയാണിവിടെ വിവാദമായത്. പിഴവുണ്ടായെന്ന കാര്യം ഏറ്റുപറയുമ്പോൾ പിന്നെ വിവാദം ആവശ്യമില്ലെന്നു ചെന്നിത്തല പറഞ്ഞു. ആർഎസ്‌എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്ന സുധാകരന്റെ പ്രസ്താവന മുസ്ലിംലീഗ് അണികളിൽ കനലായി നിൽക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് നെഹ്‌റുവും ആർഎസ്‌എസുമായി സന്ധി ചെയ്തുവെന്ന ന്യായീകരണവുമായി സുധാകരൻ വീണ്ടും പ്രതിസന്ധി സൃഷടിച്ചത്. Read on deshabhimani.com