എസ്‌എഫ്‌ഐ നേതാക്കളെ ആർഎസ്എസ് സംഘം വെട്ടി
കടയ്ക്കൽ കടയ്ക്കൽ എസ്എച്ച്എം എൻജിനിയറിങ് കോളേജിൽ എത്തിയ എസ്എഫ്ഐ നേതാക്കളെ വധിക്കാൻ ആർഎസ്എസ്- ശ്രമം. കടയ്‌ക്കൽ ഏരിയ സെക്രട്ടറി സഹൽ, ഏരിയ കമ്മിറ്റി അംഗം സഫർ എന്നിവരെ വടിവാൾകൊണ്ട് വെട്ടി. ദണ്ഡുപയോഗിച്ചുള്ള ആക്രമണത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി അമൽ ബാബു, ഏരിയ പ്രസിഡന്റ് ഗോകുൽ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു. കൈക്കു വെട്ടേറ്റ സഹലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ലേക്കും മാറ്റി. മറ്റുള്ളവരെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കത്തെക്കുറിച്ച് മാനേജ്‌മെന്റുമായി സംസാരിക്കാനാണ് എസ്‌എഫ്‌ഐ നേതാക്കൾ കോളേജിൽ എത്തിയത്. ഇവർ അകത്ത് പ്രവേശിക്കുമ്പോൾ, കോളേജിനുള്ളിൽ കോളേജ് സെക്യൂരിറ്റി സജിലാലിന്റെ നേതൃത്വത്തിൽ ആയുധ പരിശീലനം നടത്തുകയായിരുന്നു. എന്താണ് നടക്കുന്നതെന്ന് സജിലാലിനോട് അന്വേഷിക്കുന്നതിനിടയിൽ പരിശീലനത്തിന് എത്തിയ വിപിൻ, വിനോദ്, രതിരാജൻ, അജിത്ത്, ഷാരോൺ, സജി, കുയിൽ എന്നു വിളിക്കുന്ന ബിനു എന്നിവർ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആർഎസ്‌എസുകാർ സഞ്ചരിച്ച വാഹനങ്ങൾ കോളേജ് കവാടത്തിനു സമീപം നിയന്ത്രണംവിട്ട് മറിഞ്ഞു. ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ കടയ്ക്കൽ ടൗണിൽ പ്രകടനവും യോഗവും നടത്തി. Read on deshabhimani.com