മനപ്പൂർവം വായ്പകുടിശ്ശിക വരുത്തിയവരെ സംരക്ഷിക്കാൻ ആർബിഐ ; പുതിയ കരട് മാർഗനിർദേശം
കൊച്ചി വൻതുക വായ്‌പയെടുത്ത് മനപ്പൂർവം തിരിച്ചടയ്‌ക്കാതെ കുടിശ്ശിക വരുത്തിയവരെ സംരക്ഷിക്കാൻ പുതിയ കരട് മാർഗനിർദേശവുമായി റിസർവ് ബാങ്ക്. വായ്‌പാ കുടിശ്ശിക വരുത്തിയ സ്ഥാപനം ആരെങ്കിലും ഏറ്റെടുക്കുകയോ ബാങ്കുമായി ധാരണയിൽ എത്തുകയോ ചെയ്‌താൽ ഒരുവർഷത്തിനകം അതേ സ്ഥാപനത്തിന് വീണ്ടും വായ്‌പ അനുവദിക്കാമെന്ന് ആർബിഐ സർക്കുലറിൽ പറയുന്നു. കിട്ടാക്കടം അക്കൗണ്ടുകൾ സെറ്റിൽ ചെയ്യുന്നവർക്ക് ഒരുവർഷത്തിനകം അടുത്ത വായ്‌പ അനുവദിക്കാം. കിട്ടാക്കടം കമ്പനി കൈമാറ്റത്തിലൂടെ തിരിച്ചുപിടിക്കുകയോ ബാങ്കുമായി ഉണ്ടാക്കുന്ന ധാരണപ്രകാരം ‘ഡിഫോൾട്ടി ലിസ്‌റ്റിൽ’നിന്ന് പുറത്താകുകയോ ചെയ്യുന്ന അതേ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് ഒരുവർഷത്തിനുശേഷം വായ്‌പയ്‌ക്ക് അർഹതയുള്ളത്. കമ്പനി കൈമാറ്റം കടലാസ് രേഖയാക്കി തട്ടിപ്പ് നടത്താൻ പലർക്കും വഴിയൊരുക്കുന്നതരത്തിലാണ് മാർഗനിർദേശം. വായ്‌പ നിഷ്‌ക്രിയ ആസ്‌തിയിലേക്ക് മാറ്റിയശേഷം വ്യക്തി നടത്തുന്ന സ്ഥാപനം കോടികളുടെ ഇളവുകളോടെ (ഹെയർ കട്ട്) മറ്റൊരാൾ ഏറ്റെടുത്താലും തിരിച്ചടവിൽ വീഴ്‌ചവരുത്തിയ വ്യക്തിക്ക് അഞ്ചുവർഷത്തിനകം വീണ്ടും വായ്‌പ നൽകാനും സർക്കുലർ പറയുന്നു. ഈ നിർദേശം വൻകിട വായ്‌പകൾ പേപ്പറുകളിൽമാത്രമാക്കി കോടികളുടെ തിരിമറിക്ക് അനുവാദം നൽകുന്നതാണെന്ന് ബാങ്കിങ് വിദഗ്‌ധർ പറയുന്നു. സിബിൽ സ്‌കോർ 600ൽ താഴെയാണെങ്കിൽ ബാങ്കുകളിൽ ജോലിപോലും നൽകരുതെന്ന നിർദേശം നിലനിൽക്കുകയാണ്. Read on deshabhimani.com