നഗ്നതാ പ്രദർശനം; ശ്രീജിത്ത്‌ രവിക്ക്‌ ജാമ്യമില്ല, റിമാൻഡിൽ



തൃശൂർ > കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത്‌ രവിയെ റിമാൻഡ്‌ ചെയ്‌തു. ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. തൃശൂർ വെസ്റ്റ് പൊലീസാണ് വ്യാഴാഴ്‌ച രാവിലെ ശ്രീജിത്തിനെ അറസ്റ്റ് ചെയ്‌ത‌‌ത്. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർചെയ്‌തത്. പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്. തൃശ്ശൂർ എസ് എൻ പാർക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്. കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ കാറിനെ കുറിച്ച് ലഭിച്ച സൂചനകൾ നിർണായകമായി. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെയും സമാനമായ കേസിൽ ശ്രീജിത്ത് രവി പ്രതിയായിരുന്നു. ഒറ്റപ്പാലം പത്തിരിപ്പാലയിലെ സ്‌കൂൾ വിദ്യാർഥികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയതിന് 2016 ലാണ് നേരത്തെ ഇയാൾ  അറസ്റ്റിലായത്. Read on deshabhimani.com

Related News