പാഠപുസ്‌തകമില്ലാതെ കുട്ടികൾ ആശങ്കപ്പെട്ടിരുന്നു കാലം മാറി; സാധാരണക്കാരുടെ മക്കൾക്ക് സർക്കാർ മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തും: മുഖ്യമന്ത്രി



തിരുവനന്തപുരം > പാഠപുസ്‌തകളില്ലാതെ എങ്ങനെ കുട്ടികൾപഠിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന ഒരു കാലം നമ്മളിന്നു മറന്നു തുടങ്ങിയിരിക്കുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണ വർഷാവസാന പരീക്ഷകൾ തീരുന്നതിനു മുൻപു തന്നെ പാഠപുസ്‌തക വിതരണം ആരംഭിച്ചിരിക്കുകയാണ്. വേനലവധി തീരുന്നതിനു മുൻപായി യൂണിഫോമുകളുടെ വിതരണവും പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. സാധാരണക്കാരുടെ മക്കൾക്ക്  മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുമെന്ന ഉറപ്പ് വിട്ടുവീഴ്‌ചയില്ലാതെ പാലിച്ച് സർക്കാർ മുന്നോട്ടു പോവുകയാണ്. പൊതുവിദ്യാഭ്യാസത്തെ ഇനിയും ഒരുപാടുയരങ്ങളിൽ നമുക്ക് എത്തിക്കേണ്ടതുണ്ട്. നമ്മുടെ കുഞ്ഞുങ്ങൾക്കായി, അവരുടെ ഭാവിക്കായി ആ ലക്ഷ്യം  സാക്ഷാൽക്കരിക്കാൻ ഏവർക്കും ഒരുമിച്ചു നിൽക്കാം - മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 9,32,898 വിദ്യാർത്ഥികൾക്ക് സ്‌കൂൾ തുറക്കുന്നതിനും വളരെ മുൻപ് തന്നെ സൗജന്യമായി യൂണിഫോമുകൾ ലഭ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി ഇന്നലെ പറഞ്ഞിരുന്നു. ഇക്കുറി 4,75,242 ആൺകുട്ടികൾക്കും 4,57,656 പെൺകുട്ടികൾക്കുമാണ് യൂണിഫോം നൽകുന്നത്. ഇതിനായി 42.5 ലക്ഷം മീറ്റർ തുണിയാണ് കൈത്തറി വകുപ്പ് തയ്യാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നത്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള വടക്കൻ ജില്ലകളിൽ ഹാൻഡ്‌വീവും എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള തെക്കൻ ജില്ലകളിൽ ഹാൻടെക്‌സും ആണ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News