കേരളത്തിലെ ഏറ്റവും നീളമേറിയ പാലങ്ങളിൽ ഒന്ന്; പെരുമ്പളം പാലം ഇടതുപക്ഷ സർക്കാരിന്റെ സ്വപ്‌നപദ്ധതി



അരൂർ > കേരളത്തിലെ ഏറ്റവും നീളമേറിയ പാലങ്ങളിൽ ഒന്നായ പെരുമ്പളം പാലം നിർമാണം അതിവേഗം പുരോഗമിക്കുന്നു. പാലം നിർമ്മാണത്തിന്റെ സുപ്രധാനമായ ഒരു ഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ആർച്ച് ബീമുകളുടെ നിർമ്മാണമാണ്‌ പുരോഗമിക്കുന്നത്‌. ഇടതുപക്ഷ സർക്കാരിൻറെ സ്വപ്‌ന‌ പദ്ധതികളിൽ ഒന്നാണ് പെരുമ്പളം ദ്വീപ് ജനതയ്ക്കായി സമർപ്പിക്കുന്ന പെരുമ്പളം വടുതല ജെട്ടി പാലം.   കേവലം പതിനായിരത്തിൽ താഴെ ജനസംഖ്യയുള്ള ഒരു ചെറിയ ദ്വീപിലേക്ക് നൂറുകോടി രൂപ മുതൽമുടക്കിയാണ് ഈ പാലം നിർമ്മിക്കുന്നത്. ദേശീയ ജലപാത കടന്നുപോകുന്ന പാലത്തിൻറെ ഏതാണ്ട് മധ്യഭാഗത്ത്‌ ആർച്ച് ബീമുകളുടെ നിർമ്മാണ ജോലികളാണ് പുരോഗമിക്കുന്നത്. പാലത്തിൻറെ മറ്റ് സ്‌പാനുകളിൽ നിന്ന് വ്യത്യസ്‌ത‌മായി ഇവിടെ 55 മീറ്ററാണ് സ്‌പാനുകൾ തമ്മിലുള്ള ദൂരം. ഇത്രയും നീളം കൂടിയ സ്‌പാനുകൾ ഉപയോഗിക്കേണ്ടി വരുന്നത് കൊണ്ടാണ് ആർച്ച് ബീമുകൾ ഉപയോഗിച്ച് ബലപ്പെടുത്തുന്നത്. പാലത്തിൻറെ ആകെ സ്പാനുകൾ 30 ആണ്. 1,140 മീറ്റർ ആണ് പാലത്തിൻറെ നീളം. ഇരുവശത്തും ഒന്നര മീറ്റർ നടപ്പാതയും ഉണ്ടാകും. ഇത് ഉൾപ്പെടെ 11 മീറ്റർ വീതിയുണ്ടാകും. ആർച്ച് ബിം വരുന്നിടത്ത് 12 മീറ്റർ ആകും വീതി. പാലത്തിൻറെ പ്രധാന ആകർഷണവും ഈ ആർച്ച് ബീമുകളാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ, അതിവേഗതയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 2024 ആദ്യ മാസങ്ങളിൽ തന്നെ പാലം ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. Read on deshabhimani.com

Related News