പാലക്കാട്‌ പട്ടികജാതി കുടുംബത്തെ അക്രമിച്ച കേസ്; ബിജെപി പ്രവർത്തകർക്ക് 8 വർഷം കഠിനതടവ്



മണ്ണാർക്കാട് > പട്ടികജാതിക്കാരായ കുടുംബത്തെ വീട്ടിൽക്കയറി അക്രമിച്ച സംഭവത്തിൽ ബിജെപി, ആർഎസ് എസ് പ്രവർത്തകർക്ക് എട്ട് വർഷം കഠിനതടവ്. തടവിനൊപ്പം 60,000 രൂപ പിഴയും അടയ്‌ക്കണം. മണ്ണാർക്കാട് സ്പെഷ്യൽ ജില്ലാ കോടതിയുടേതാണ് വിധി. കേസിൽ പ്രതികളായ മുണ്ടൂർ കാഞ്ഞിക്കുളം അവുങ്ങൽ വീട്ടിൽ രതീഷ് (28), കാഞ്ഞിക്കുളം കവറപ്പള്ളിയാൽ വീട്ടിൽ പ്രവീൺ (27), കാവുപറമ്പിൽ വീട്ടിൽ രാജേഷ് (25),  മീൻകുളം വീട്ടിൽ ശിവരാജൻ (28), കാഞ്ഞിക്കുളം പരിയങ്ങാട് വീട്ടിൽ ഉദയരാജൻ (37), കാഞ്ഞിക്കുളം കിഴക്കുംപുറം വീട്ടിൽവിഷ്‌ണു (25) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.   രതീഷ് ബിജെപി മുണ്ടൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറിയാണ്. 2020 ജൂലൈ അഞ്ചിന് രാത്രി 11.30നാണ് കേസിന് ആസ്‌പദമായ സംഭവം. മുൻ വൈരാഗ്യത്തിന്റെ പേരിൽ സംഘം ചേർന്ന് ഇരുമ്പുവടി, ഇരുമ്പ് പൈപ്പ്, കത്തി എന്നിവ ഉൾപ്പെടെയുള്ള മാരാകായുധങ്ങളുപയോഗിച്ചാണ് സംഘം വീട്ടുകാരെ ആക്രമിച്ചത്.   പിഴ അടയ്‌ക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവിനും ജഡ്‌ജി ജോമോൻ ശിക്ഷിച്ചു. പിഴ അക്രമിത്തിനിരയായ കുടുംബത്തിന് നൽകണം. പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാരായ പ്രതികൾക്കെതിരെ മുമ്പും അടിപിടി കേസുകളുണ്ട്.  പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജയൻ ഹാജരായി.  കോങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ അന്നത്തെ പാലക്കാട് ഡിവൈഎസ്‌പി ആർ മനോജ്‌കുമാറും സംഘവുമാണ്  അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. Read on deshabhimani.com

Related News